ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ തോല്‍പ്പിച്ചതോടെ ഓസീസ് ടീമിന്റെ അക്കൗണ്ടില്‍ 22 തുടര്‍ജയങ്ങളായി. 2003 ജനുവരി 11 മുതല്‍ 2003 മെയ് 24 വരെയുള്ള കാലയളവില്‍ ഓസീസ് പുരുഷ ടീം 21 തുടര്‍ജയങ്ങള്‍ നേടിയിരുന്നു. 

സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ പുരുഷ ടീമിന്റെ റെക്കോഡ് തിരുത്തി ഓസീസ് വനിതാ ടീം. ഏറ്റവും കൂടൂതല്‍ തുടര്‍വിജയങ്ങളെന്ന റെക്കോഡാണ് മെഗ് ലാനിംഗിന്റെ കീഴിലുള്ള വനിതാ ടീം സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിനെ ആദ്യ ഏകദിനത്തില്‍ തോല്‍പ്പിച്ചതോടെ ഓസീസ് ടീമിന്റെ അക്കൗണ്ടില്‍ 22 തുടര്‍ജയങ്ങളായി. 2003 ജനുവരി 11 മുതല്‍ 2003 മെയ് 24 വരെയുള്ള കാലയളവില്‍ ഓസീസ് പുരുഷ ടീം 21 തുടര്‍ജയങ്ങള്‍ നേടിയിരുന്നു.

ഓസീസ് വനിതാ ടീം 2018 മാര്‍ച്ച് 12 മുതല്‍ 2021 ഏപ്രില്‍ നാല് വരെ ഒരു ഏകദിനവും തോറ്റിട്ടില്ല. 2018 മാര്‍ച്ച് 12ന് ഇന്ത്യന്‍ ടീമിനെ വഡോദരയില്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് തേരോട്ടം തുടങ്ങിയത്. ആ പരമ്പര 3-0ത്തി്‌ന സന്ദര്‍ശകര്‍ സ്വ്ന്തമാക്കി. പിന്നാലെ പാകിസ്ഥാനെ 3-0ത്തിന് തോല്‍പ്പിച്ചു. അടുത്ത അയല്‍ക്കാരായ ന്യൂസിലന്‍ഡ് ആയിരുന്നു. ആ പരമ്പരയും ഓസീസ് 3-0ത്തിന് സ്വന്തമാക്കി.

പിന്നാലെ ഇംഗ്ലണ്ടിനെ 3-0ത്തിന് പരാജയപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും 3-0ത്തിന് തോല്‍വി അറിഞ്ഞു. ശേഷം ഒരിക്കല്‍കൂടി ന്യൂസിലന്‍ഡ് 3-0ത്തിന് തോല്‍വി അറിഞ്ഞു. നിലവില്‍ ന്യൂസിലന്‍ഡ് പര്യടനം നടത്തുകയാണ് ഓസ്‌ട്രേലിയ. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. അതില്‍ ആദ്യ മത്സരമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് 48.5 ഓവറില്‍ 212ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 38.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അലീസ ഹീലി (65), എല്ലിസ് പെറി (56), അഷ്‌ലി ഗാര്‍ഡ്‌നര്‍ (53) എന്നിവര്‍ വിജയം എളുപ്പമാക്കി.