ബംഗ്ലാദേശ് ക്രിക്കറ്റ് താരം നയീം ഹസനെ ചട്ടോഗ്രാമിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന താരത്തെ യാതൊരു കാരണവുമില്ലാതെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുവെന്ന് നയീം ആരോപിച്ചു.
ചട്ടോഗ്രാം: ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം സ്പിന്നര്‍ നയീം ഹസനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രി ചട്ടോഗ്രാമില്‍ വെച്ചായിരുന്നു സംഭവം. നയീമിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്ത് നിന്നും കനത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടു. ധാക്ക പ്രീമിയര്‍ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ മത്സരത്തിന് ശേഷം ധാക്ക എയര്‍പോര്‍ട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 25-കാരനായ നയീം ഹസന്‍.
ചട്ടോഗ്രാമിലെ ലാല്‍ഖാന്‍ ബസാര്‍ പ്രദേശത്തിന് സമീപം വെച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. ഈ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. യാതൊരു കാരണവുമില്ലാതെ പൊലീസ് തന്നോട് വളരെ മോശമായി പെരുമാറിയെന്ന് നയീം ആരോപിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച പൊലീസ് ഉദ്യോഗസ്ഥര്‍, തന്നെ മറ്റൊരു ഓട്ടോറിക്ഷയിലേക്ക് ബലമായി കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. കൂടെയുണ്ടായിരുന്നവരും നാട്ടുകാരും താന്‍ ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് താരമാണെന്ന് പറഞ്ഞിട്ടും പൊലീസ് അത് വകവെക്കാന്‍ കൂട്ടാക്കിയില്ലെന്ന് നയീം പറഞ്ഞു.
താരത്തിന്റെ വിശദീകരണം.. ''ഞാന്‍ ആരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ലാത്തിയും പ്ലാസ്റ്റിക് പൈപ്പുകളും ഉപയോഗിച്ച് അവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് സ്റ്റേഷനിലെത്തി ഔദ്യോഗികമായി സ്വയം പരിചയപ്പെടുത്തിയപ്പോള്‍, താഴോട്ട് നോക്കി സംസാരിക്കാനാണ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ആവശ്യപ്പെട്ടത്.'' നയീം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത താരം, അവര്‍ യഥാര്‍ത്ഥ പൊലീസ് ഉദ്യോഗസ്ഥരാണെങ്കില്‍ ഔദ്യോഗിക വാഹനത്തിന് പകരം സിഎന്‍ജി ഓട്ടോറിക്ഷയില്‍ തന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്തിനാണെന്നും ചോദിച്ചു. സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം വേണമെന്നും താരം ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തില്‍ ചട്ടോഗ്രാം മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമിറുല്‍ ഇസ്ലാം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നയീമിനെ പൊലീസ് വിട്ടയച്ചത്. സംഭവത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് സമൂഹം ഒന്നടങ്കം അപലപിച്ചു. നയീമിന് പിന്തുണയുമായി എത്തിയ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം, ഈ അതിക്രമം ഒട്ടും അംഗീകരിക്കാനാവില്ലെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
2018-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ബംഗ്ലാദേശിനായി 14 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള താരമാണ് നയീം ഹസന്‍. ഈ മാസം അവസാനം സിംബാബ്വെക്കെതിരെ നടക്കാനിരിക്കുന്ന ഏക ടെസ്റ്റിനുള്ള 15 അംഗ ബംഗ്ലാദേശ് ടീമിലും നയീം ഇടംപിടിച്ചിട്ടുണ്ട്.

