മെല്‍ബണ്‍: ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനെഗഡ്സും ഹൊബാര്‍ട്ട് ഹറിക്കേന്‍സും തമ്മിലുള്ള മത്സരത്തിനിടെ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി ബാറ്റ്സ്മന്റെ ഓട്ടത്തിനൊടുവില്‍ ബൗളറുമായി കൂട്ടിയിടിച്ചു മറിഞ്ഞു.മെല്‍ബണ്‍ റെനെഗഡ്സിന്റെ താരം സാര്‍ ഹാര്‍പ്പറാണ് ബൗളര്‍ നഥാന്‍ എല്ലിസുമായി അപകടകരമായ രീതിയില്‍ കൂട്ടിയിടിച്ചത്.

എല്ലിസിന്റെ പന്ത് മിഡ് ഓഫിലേക്ക് അടിച്ച ഹാര്‍പ്പര്‍ അതിവേഗ സിംഗിളിനായി ഓടി ബൗളിംഗ് ക്രിസിനടുത്തെത്തിയപ്പോഴേക്കും ത്രോ എത്തി. റണ്ണൗട്ടാവാതിരിക്കാനായി ഡൈവ് ചെയ്യാന്‍ ശ്രമിച്ച ഹാര്‍പ്പര്‍ പക്ഷെ ബൗളര്‍ എല്ലിസുമായി കൂട്ടിയിടിച്ച് എല്ലിസിന്റെ തലയ്ക്ക് മുകളിലൂടെ മറുവശത്തേക്ക് വീഴുകയായിരുന്നു.

തലയിടിച്ച് വീണ ഹാര്‍പ്പര്‍ക്ക് ഗുരുതര പരിക്കേറ്റെന്ന് തോന്നിച്ചെങ്കിലും അല്‍പ സമയത്തിനകം  ഹാര്‍പ്പര്‍ എഴുന്നേറ്റ് നിന്നു. പിന്നീട് ഡോക്ടറെത്തി പരിശോധിച്ച് വലിയ പരിക്കുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹാര്‍പ്പര്‍ ഗ്രൗണ്ട് വിട്ടു. വണ്‍ ഡൗണായി ബാറ്റിംഗിനിറങ്ങിയ ഹാര്‍പ്പര്‍ അഞ്ച് പന്തില്‍ 6 റണ്‍സെടുത്തിരുന്നു. ഹാര്‍പ്പര്‍ക്ക് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി പിന്നീട് ടോം കൂപ്പര്‍ ഇറങ്ങി. മത്സരത്തില്‍ മെല്‍ബണ്‍ റെനഗെഡ്സ് നാലു റണ്‍സിന് തോല്‍ക്കുകയും ചെയ്തു.