Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ നിന്ന് വിവോയുടെ പിന്‍മാറ്റം സ്ഥിരീകരിച്ച് ഒടുവില്‍ ബിസിസിഐ

തിങ്കളാഴ്ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

BCCI and VIVO suspend partnership for IPL 2020
Author
Mumbai, First Published Aug 6, 2020, 5:06 PM IST

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളാ വിവോ പിന്‍മാറിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിസിസിഐ. അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോര്‍ണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്ന് വിവോ അറിയിച്ചിരുന്നുവെങ്കിലും ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വാര്‍ത്താക്കുറിപ്പിലൂടെ വിവോയുടെ പിന്‍മാറ്റം ബിസിസിഐ സ്ഥിരീകരിച്ചത്. വിവോയുമായുള്ള ഈ സീസണിലെ പങ്കാളിത്തം റദ്ദാക്കിയതായാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്.

വിവോ പിന്‍മാറിയതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റില്‍ സ്പോണ്‍സറെ കണ്ടെത്തേണ്ട സമ്മര്‍ദ്ദത്തിലാണ് ബിസിസിഐ. 2199 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിപ്പ് കരാര്‍ വിവോ 2017ല്‍ സ്വന്തമാക്കിയത്. കരാര്‍ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവര്‍ഷം 440 കോടി രൂപയാണ് നല്‍കുന്നത്. പെട്ടെന്ന് സ്പോണ്‍സറെ കണ്ടെത്തേണ്ടിവരുമ്പോള്‍ 300 കോടി രൂപയെങ്കിലും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പായി ലഭിക്കണമെന്നാണ് ബിസിസിഐ നിലപാട്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് എളുപ്പമല്ലെന്ന സൂചനകളുണ്ട്. അടുത്ത മാസം 19നാണ് യുഎഇയില്‍ ഐപിഎല്‍ തുടങ്ങുന്നത്.

2022വരേക്ക് ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ടായിരുന്നു. ഈ വര്‍ഷം മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവോയുമായുള്ള കരാര്‍ 2023വരെ ദീര്‍ഘിപ്പിക്കും. തിങ്കളാഴ്ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗം ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. ഐപിഎല്‍ ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലായിരുന്നു സ്വയം മാറി നില്‍ക്കാന്‍ വിവോ തീരുമാനിച്ചത്.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള കമ്പനികളായ പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നിവയുമായി ഐപിഎല്ലിന് സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇതിനുപുറമെ പല ടീമുകള്‍ക്കും ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇവയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് ബിസിസിഐ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപുറമെ ചൈനീസ് ഉല്‍പ്പന്ന ഇറക്കുമതിക്കും കേന്ദ്രം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവോയെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും മാറ്റണമെന്ന് ആരാധകപക്ഷത്തുനിന്ന് ആവശ്യമുയര്‍ന്നത്.

Follow Us:
Download App:
  • android
  • ios