മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്ന് മാറ്റാനൊരുങ്ങി ബിസിസിഐ. ഏകദിന പരമ്പരക്ക് മഹാരാഷ്ട്രക്ക് പുറത്തുള്ള ഏതെങ്കിലും വേദിയാണ് ബിസിസിഐ പരിഗണിക്കുന്നത്.

ഏകദിന പരമ്പര കഴിഞ്ഞ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോവാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് പൂനെ വേദിയായി തെരഞ്ഞെടുത്തത്. എന്നാല്‍ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച മാത്രം 8000 ത്തോളം കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ മുംബൈയില്‍ മാത്രം 1100 കൊവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം ഇതേവേദിയില്‍ അഞ്ച് മത്സസരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇംഗ്ലണ്ട് കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്പരക്കായി ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ പൂനെയിലെത്തുക. ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലാണ്.