മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയതില്‍ അമ്പരന്നിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍. ഇതോടെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. നേരത്തെ ബിസിസിഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്നു ധോണി. എന്നാല്‍ കരാറില്‍ നിന്ന് പുറത്താക്കിയതിന്റെ കാരണം എന്താണെന്ന് ഇതുവരെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോ അല്ലെങ്കില്‍ മറ്റ് ഉന്നതാധികാരികളോ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ കാരണം എന്താണെന്ന സൂചന നല്‍കിയിരിക്കുകയാണ് ഒരു ബിസിസിഐ പ്രതിനിധി. അദ്ദേഹം പറയുന്നതിങ്ങനെ... ''ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലോകകപ്പ്. ഒരു നിശ്ചിത കാലയളവില്‍ മൂന്ന് ടി20 മത്സരങ്ങളെങ്കിലും കളിച്ചെങ്കില്‍ മാത്രമെ കരാറില്‍ ഉള്‍പ്പെടുത്തൂ. കരാറില്‍ നിന്ന് ഒഴിവാക്കുന്നമെന്ന് ധോണിയെ നേരത്തെ അറിയിച്ചിരുന്നു.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.


എന്നാല്‍ ധോണി ടി20 ലോകകപ്പിനുള്ള ടീമിലേക്ക് തിരിച്ചെത്തിയാല്‍ താരത്തിന് പഴയപോലെ കോണ്‍ട്രാക്റ്റ് നല്‍കുമെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞു. ''ഏഷ്യ കപ്പ് ടി20യില്‍ ഇന്ത്യ കളിക്കുന്നുണ്ട്. നിശ്ചിത മത്സരങ്ങള്‍ കളിച്ചാല്‍ ധോണിയെ ഇനിയും കരാറില്‍ ഉള്‍പ്പെടുത്തും.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.