ചിറ്റഗോങ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മേല്‍ക്കൈ. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ 218 റണ്‍സിന്റെ ലീഡുണ്ട് ആതിഥേയര്‍ക്ക്. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 259ന് പുറത്താക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നിന് 47 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സില്‍ 430 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 

മോശം തുടക്കമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്്ടമായി. ഷദ്മാന്‍ ഇസ്ലാം (5), തമീം ഇഖ്ബാല്‍ (0), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (0) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്്ടമായത്. റഖീം കോണ്‍വാളിന് രണ്ട് വിക്കറ്റുണ്ട്. ഷാനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റ് വീഴത്തി. മൊമിനുല്‍ ഹഖ് (31), മുഷ്ഫിഖുര്‍ റഹീം (10) എന്നിവരാണ് ക്രീസില്‍. 

നേരത്തെ കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (76), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (68), ജോഷ്വാ ഡ സില്‍വ (42), കെയ്ല്‍ മയേര്‍സ് (40) എന്നിവര്‍ക്ക് മാത്രമാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. മെഹിദി ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തി. തയ്ജുല്‍ ഇസ്ലാം, മുസ്തഫിസുര്‍ അഹമ്മദ്, നയീം ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിരുന്ന ബംഗ്ലാദേശിന് മെഹിദി ഹസന്റെ സെഞ്ചുറി (103)യാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷാക്കിബ് അല്‍ ഹസന്‍ (68), ഷദ്മാന്‍ ഇസ്ലാം (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.