കറാച്ചി: സമകാലീന ക്രിക്കറ്റില്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാനാരാണെന്ന് വെളിപ്പെടുത്തി പാക് പേസര്‍ ഷൊയൈബ് അക്തര്‍. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെ ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് സമകാലീന ക്രിക്കറ്റില്‍ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റ്സ്മാനെന്ന് അക്തര്‍ വ്യക്തമാക്കിയത്.

കൊല്‍ക്കത്ത ടെസ്റ്റില്‍ സച്ചിനെ പുറത്താക്കിയതാണ് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വിലയേറിയ വിക്കറ്റെന്നും അക്തര്‍ പറഞ്ഞു.

 

പാക്കിസ്ഥാന്‍ ടീമില്‍ കളിച്ചതില്‍ വസീം അക്രമാണ് ഏറ്റവും മികച്ച ക്യാപ്റ്റനെന്നും അക്രമണോത്സുക നായകന്‍മാരില്‍ സൗരവ് ഗാംഗുലിയാണ് കേമനെന്നും അക്തര്‍ പറഞ്ഞു.

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് വ്യത്യസ്തമായ ഫൂട്ട്‌വര്‍ക്കുകൊണ്ട് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോഴാണ് അക്തറിന്റെ പ്രസ്താവന. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കോലി പൂജ്യത്തിന് പുറത്താവുകയും ചെയ്തിരുന്നു.

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാരാണെന്ന ആരാധകന്റെ ചോദ്യത്തിനും പാര്‍ട് ടൈം ബൗളറായ കോലിയുടെ പേരാണ് അക്തര്‍ ആദ്യം പറ‍ഞ്ഞത്. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ വല്ലപ്പോഴും മാത്രം ബൗള്‍ ചെയ്തിരുന്ന കോലിയെ മികച്ച ബൗളറായി അക്തര്‍ പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. പിന്നീട് അക്തര്‍ ഈ മറുപടി നീക്കി.