ലണ്ടന്‍: ഇംഗ്ലീഷ് പേസ് എക്‌സ്‌പ്രസ് ജോഫ്ര ആര്‍ച്ചറുടെ ഏറ്റവും മികച്ച പ്രകടനം കാണാനിരിക്കുന്നതെയുള്ളൂവെന്ന് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഇംഗ്ലീഷ് ടീമിലെ എക്‌സ് ഫാക്‌ടറാണെന്ന് ആര്‍ച്ചര്‍ ഇതിനകം തെളിയിച്ചതായും മോര്‍ഗന്‍ പറഞ്ഞു.

ജോഫ്ര വിസ്‌മയ ബൗളറാണ്. അയാളൊരു എക്‌സ് ഫാക്‌ടറാണ്. ക്രിക്കറ്റിന്‍റെ ഏത് ഫോര്‍മാറ്റിലും ആര്‍ച്ചര്‍ക്ക് നന്നായി പന്തെറിയാനാവും. എത് പ്രതിസന്ധിയെയും ആര്‍ച്ചര്‍ മറികടക്കും. ആര്‍ച്ചറുടെ ഏറ്റവും മികച്ച പ്രകടനം നാമിതുവരെ കണ്ടിട്ടില്ല എന്നും മോര്‍ഗന്‍ പറഞ്ഞു. ലോകകപ്പിലും ആഷസിലും മിന്നും പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെയും മോര്‍ഗന്‍ പ്രശംസിച്ചു. 

ലോകകപ്പിലും ആഷസിലും വിസ്‌മയ ഫോമിലായിരുന്നു ജോഫ്ര ആര്‍ച്ചര്‍. ലോകകപ്പില്‍ 20ഉം ആഷസില്‍ നാല് ടെസ്റ്റുകളിലുമായി 22 വിക്കറ്റുമാണ് ആര്‍ച്ചര്‍ വീഴ്‌ത്തിയത്. പിന്നാലെ മൂന്ന് ഫോര്‍മാറ്റുകളിലും ആര്‍ച്ചര്‍ക്ക് ഇംഗ്ലീഷ് ബോര്‍ഡിന്‍റെ വാര്‍ഷിക കരാര്‍ ലഭിച്ചു. ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച ബെന്‍ സ്‌റ്റോക്‌സ് ആഷസ് പരമ്പരയില്‍ ഹെഡിംഗ്‌ലെ ടെസ്റ്റില്‍ 135 റണ്‍സുമായി വിജയഇന്നിംഗ്‌സും കാഴ്‌ചവെച്ചു.