ലോക ക്രിക്കറ്റില്‍ രണ്ട് താരങ്ങള്‍ അശ്വിന്‍റെയും ജഡേജയുടേയും റെക്കോര്‍ഡിന് ബഹുദൂരം മുന്നിലുണ്ട്

നാഗ്‌പൂര്‍: കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം അഞ്ചാം മാസം കഴിഞ്ഞ് രാജ്യാന്തര ക്രിക്കറ്റിലേക്കെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വിസ്‌മയിപ്പിക്കല്‍ തുടരുന്നു. മടങ്ങിവരവില്‍ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ജഡേജ ബാറ്റിംഗില്‍ പിന്നാലെ അര്‍ധ സെഞ്ചുറിയുമായി കുതിക്കുകയാണ്. ഇതോടെ തകര്‍പ്പനൊരു റെക്കോര്‍ഡിലെത്തി ജഡ്ഡു. ഒരേ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഫിഫ്റ്റിയും അഞ്ച് വിക്കറ്റ് നേട്ടവും കൊയ്‌ത താരങ്ങളില്‍ അശ്വിന്‍റെ ഇന്ത്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവരും ആറ് വീതം ടെസ്റ്റുകളിലാണ് ഈ നാഴികക്കല്ല് പേരിലാക്കിയത്. ഇതിഹാസ താരം റിച്ചാര്‍ഡ് ഹാഡ്‌ലിയും ആറ് തവണ ഒരേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റും അര്‍ധ സെഞ്ചുറിയും തികച്ചിട്ടുണ്ട്. 

അതേസമയം ലോക ക്രിക്കറ്റില്‍ രണ്ട് താരങ്ങള്‍ അശ്വിന്‍റെയും ജഡേജയുടേയും റെക്കോര്‍ഡിന് ബഹുദൂരം മുന്നിലുണ്ട്. 10 തവണ ഒരേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ഫിഫ്റ്റിയും നേടിയ ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനും 11 തവണയുമായി ഇംഗ്ലീഷ് മുന്‍താരം ഇയാന്‍ ബോത്തവുമാണ് റെക്കോര്‍ഡ് പട്ടികയില്‍ മുന്നില്‍. 

നാഗ്‌പൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഓസീസിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് നേട്ടം. ഒന്നാം ഇന്നിംഗ്‌സില്‍ 22 ഓവര്‍ പന്തെറിഞ്ഞ ജഡേജ 47 റണ്‍സിനാണ് അഞ്ച് വിക്കറ്റ് പേരിലാക്കിയത്. ഓസീസിന്‍റെ ബാറ്റിംഗ് വന്‍മതിലുകളായ മാര്‍നസ് ലബുഷെയ്‌നെയും സ്റ്റീവ് സ്‌മിത്തിനേയും കൂടാതെ മാറ്റ് റെന്‍ഷോ, പീറ്റന്‍ ഹാന്‍ഡ്‌സ്കോമ്പ്, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റുകളാണ് ജഡ്ഡുവിന്‍റെ പേരിലായത്. നാഗ്‌പൂരില്‍ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി ജഡേജ 114 പന്തില്‍ അമ്പത് തികയ്ക്കുകയായിരുന്നു. ജഡേജയുടെ അര്‍ധ സെഞ്ചുറിക്ക് പുറമെ രോഹിത് ശര്‍മ്മ(120) സെഞ്ചുറി നേടിയപ്പോള്‍ ഇന്ത്യന്‍ ലീഡ് 100 പിന്നിട്ടുകഴിഞ്ഞു. ജഡ്ഡുവിനൊപ്പം അക്‌‌സര്‍ പട്ടേലാണ് ക്രീസില്‍. 

ഒടുവില്‍ ഓസീസ് താരങ്ങള്‍ സമ്മതിച്ചു; ഹിറ്റ്‌മാന്‍ ഒരു പ്രതിഭാസം തന്നെ- വൈറലായി ചിത്രം