രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ടീം 60.3 ഓവറില്‍ 163 റണ്‍സില്‍ പുറത്തായപ്പോള്‍ 142 പന്തില്‍ 59 റണ്‍സെടുത്ത ചേതേശ്വർ പൂജാരയായിരുന്നു ടോപ് സ്കോറർ

ഇന്‍ഡോർ: ബോർഡർ-ഗാവസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്കെതിരെ പൊരുതിയ ഏക ഇന്ത്യന്‍ ബാറ്റർ ചേതേശ്വർ പൂജാരയായിരുന്നു. എന്നാല്‍ അർധ സെഞ്ചുറി നേടിയിട്ടും പൂജാരയുടെ പേരിലൊരു നാണക്കേട് സംഭവിച്ചു. 

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ടീം 60.3 ഓവറില്‍ 163 റണ്‍സില്‍ പുറത്തായപ്പോള്‍ 142 പന്തില്‍ 59 റണ്‍സെടുത്ത ചേതേശ്വർ പൂജാരയായിരുന്നു ടോപ് സ്കോറർ. മൂന്നാമനായി ക്രീസിലെത്തിയ പൂജാര, രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, ശ്രീകർ ഭരത്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവർക്കൊപ്പം ബാറ്റ് ചെയ്ത ശേഷം എട്ടാമനായാണ് പുറത്തായത്. അഞ്ച് ബൗണ്ടറിയും ഒരു സിക്സും നിറഞ്ഞ പൂജാരയുടെ ഇന്നിംഗ്സ് ഇന്‍ഡോറിലെ ശ്രമകരമായ പിച്ചില്‍ കയ്യടി വാങ്ങുന്നതായിരുന്നു. എന്നിട്ടും പൂജാരയെ തേടി ഒരു മോശം റെക്കോർഡ് എത്തി. ഓസീസ് സ്റ്റാർ സ്പിന്നർ നേഥന്‍ ലിയോണിനായിരുന്നു പൂജാരയുടെ വിക്കറ്റ്. ലെഗ് സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്‍റെ തകർപ്പന്‍ ക്യാച്ചാണ് പൂജാരയ്ക്ക് മടക്ക ടിക്കറ്റ് നല്‍കിയത്. ടെസ്റ്റ് കരിയറില്‍ 13-ാം തവണയാണ് ലിയോണിന് പൂജാര വിക്കറ്റ് സമ്മാനിക്കുന്നത്. ടെസ്റ്റ് ഫോർമാറ്റില്‍ ഒരേ ബൗളർക്ക് ഏറ്റവും കൂടുതല്‍ വിക്കറ്റ് നല്‍കി മടങ്ങിയ ഇന്ത്യന്‍ താരമായി ഇതോടെ പൂജാര. നേരത്തെ ആദ്യ ഇന്നിംഗ്സിലും പൂജാരയുടെ വിക്കറ്റ് ലിയോണിനായിരുന്നു. ഒരു റണ്ണില്‍ നില്‍ക്കേ ലിയോണ്‍ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു. 

ഇന്‍ഡോറിലെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 109 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഓസീസ് 197 റണ്‍സെടുത്ത് 88 റണ്‍സിന്‍റെ ലീഡ് നേടിയിരുന്നു. എന്നാല്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 163 റണ്‍സില്‍ വീണപ്പോള്‍ ആകെ 75 റണ്‍സ് ലീഡാണ് രോഹിത്തിനും കൂട്ടർക്കും ലഭിച്ചത്. രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റുമായി ലിയോണാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. 76 റണ്‍സ് വിജയലക്ഷ്യവുമായി ഓസീസ് മൂന്നാംദിനമായ നാളെ ബാറ്റിംഗിന് ഇറങ്ങും. 

രണ്ട് ഇന്നിംഗ്‍സിലും 200ല്‍ താഴെ സ്കോർ; ഇരട്ട നാണക്കേടിന്‍റെ പടുകുഴിയില്‍ ടീം ഇന്ത്യ