തര്‍ക്കത്തിനൊടുവില്‍ ഗില്ലിനെ ക്രീസില്‍ തുടരാന്‍ അനുവദിച്ച അമ്പയറുടെ നടപടിക്കെതിരെ ഡല്‍ഹി ടീം കളി നിര്‍ത്തി ഗ്രൗണ്ട് വിടാനൊരുങ്ങിയെങ്കിലും ഒടുവില്‍ പ്രതിഷേധത്തോടെ കളി തുടര്‍ന്നു.

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അമ്പയര്‍ ഔട്ട് വിളിച്ചിട്ടും ക്രീസ് വിടാതെ അമ്പയറുമായി തര്‍ക്കിച്ച് കളി മുടക്കിയ പഞ്ചാബിന്റെ യുവതാരം ശുഭ്‌മാന്‍ ഗില്ലിനെതിരെ ആഞ്ഞടിച്ച് മുന്‍താരം ബിഷന്‍സിംഗ് ബേദി. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിനിടെ വെള്ളിയാഴ്ചയായിരുന്നു വിവാദ സംഭവം.

ഡല്‍ഹി ബൗളര്‍ സുബോധ് ബാട്ടിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായെങ്കിലും അത് ഔട്ടല്ലെന്ന് വാദിച്ച് അമ്പയര്‍ മുഹമ്മദ് റാഫിക്കെതിരെ ഗില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. തുടര്‍ന്ന് ലെഗ് അമ്പയര്‍ പശ്ചിം പഥക്കുമായി ചര്‍ച്ച ചെയ്ത് പ്രധാന അമ്പയര്‍ ഗില്ലിനെ ക്രീസില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ഇത്തരം ചട്ടമ്പിത്തരം ക്രിക്കറ്റില്‍ ഒരിക്കലും അനുവദിക്കാനാവില്ലെന്ന് ബേദി പറഞ്ഞു. അതാര് ചെയ്താലും പൊറുക്കാവുന്ന തെറ്റല്ല. എത്ര പ്രതിഭാധനനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. ആരും ക്രിക്കറ്റിനെക്കാള്‍ വലുതല്ല. ഇന്ത്യ എയെ നയിക്കാന്‍ കുറച്ചുകൂടി പക്വതയുള്ള ഒരു കളിക്കാരനെ കണ്ടത്തേണ്ടിവരും. ഇല്ലെങ്കില്‍ മാച്ച് റഫറിക്ക് ഇടക്കിടെ ഇടപെടാനുള്ള അവസരം ഒരുക്കിക്കൊടുക്കലാവും അതെന്നും ബേദി പറഞ്ഞു.

ന്യൂസിലന്‍ഡില്‍ പര്യടനം നടതക്താനൊരുങ്ങുന്ന ഇന്ത്യ എ ടീമിന്റെ നായകന്‍ കൂടിയാണ് ഗില്‍. ഇന്ത്യന്‍ ടീമിലെ അടുത്ത സൂപ്പര്‍ താരമാവുമെന്ന് കരുതുന്ന ഗില്‍ വിരാട് കോലിയുടെ പിന്‍ഗാമിയായാണ് വിലയിരുത്തപ്പെടുന്നത്.