അടുത്ത പത്തുവര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ പോകുന്ന ഏറ്റവും മികച്ച ഓപ്പണറായിരിക്കും ഗില്ലെന്ന് ഹോഗ്

സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ മികവ് കാട്ടിയപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇന്ത്യ ഓസ്ട്രേിലയയില്‍ പരമ്പര നേടി. യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയവരില്‍ ഒരാള്‍ ഓപ്പണറായി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലായിരുന്നു. ഗില്ലിന്‍റെ പ്രകടനത്തെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ ഓസീസ് സ്പിന്നറായ ബ്രാഡ് ഹോഗ്.

എല്ലാതരത്തിലുള്ള ഷോട്ടുകളും കളിക്കാന്‍ കഴിവുള്ള ഗില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണറായി മാറുമെന്ന് ഹോഗ് പറഞ്ഞു. ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമിന്‍സും ഹേസല്‍വുഡുമെല്ലാം ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് പരീക്ഷിച്ചിട്ടും അതിനെയെല്ലാം ഹുക്ക് ഷോട്ടുകളിലൂടെയും പുള്‍ ഷോട്ടുകളിലൂടെയും ഫലപ്രദമായി നേരിട്ട ഗില്‍ അടുത്ത പത്തുവര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ പോകുന്ന ഏറ്റവും മികച്ച ഓപ്പണറായിരിക്കുമെന്നും ഹോഗ് പറഞ്ഞു. 21കാരനായ ഗില്‍ വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റില്‍ തരംഗമായി മാറുമെന്നും ഹോഗ് തന്‍റെ യുട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഗില്‍ മൂന്ന് ടെസ്റ്റില്‍ നിന്ന് 51.80 ശരാശരിയില്‍ 259 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് തുറക്കാനൊരുങ്ങുകയാണ് ഗില്‍.