ഹാമില്‍ട്ടണ്‍: ന്യൂസില‍ന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനാവാതെ പോയതില്‍ ജസപ്രീത് ബുമ്രക്കെതിരെ വിമര്‍ശനം ഉയരുമ്പോള്‍ ബുമ്രയ്ക്ക് പ്രശംസയുമായി കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബുമ്ര ലോകോത്തര ബൗളര്‍ തന്നെയാണെന്ന് മത്സരശേഷം വില്യംസണ്‍ പറഞ്ഞു.

ഏത് ഫോര്‍മാറ്റിലും ബുമ്ര ലോകോത്തര ബൗളര്‍ തന്നെയാണ്. പന്ത് കൈയിലെടുത്ത് റണ്ണപ്പ് തുടങ്ങിയാല്‍ ബുമ്ര എപ്പോഴും ഭീഷണിയുമാണ്. പരിക്കില്‍ നിന്ന് മോചിതനായി അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളു. എന്റെ അഭിപ്രായത്തില്‍ ബുമ്ര മനോഹരമായാണ് പന്തെറിഞ്ഞത്-വില്യംസണ്‍ പറഞ്ഞു.

ഏകദിന പരമ്പര തൂത്തുവാരാനായത്  വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും വില്യംസണ്‍ പറഞ്ഞു. പരിക്കേറ്റ ട്രെന്റ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസനും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും വില്യംസണ്‍ പറഞ്ഞു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 30 ഓവര്‍ ബൗള്‍ ചെയ്ത ബുമ്രക്ക് ഒറ്റ വിക്കറ്റ് പോലും വീഴ്ത്താനായിരുന്നില്ല. ഒരു പരമ്പരയില്‍ ബുമ്ര ഒറ്റ വിക്കറ്റ് പോലും വീഴ്ത്താത്തത് കരിയറില്‍ ആദ്യമാണ്. അവസാനം കളിച്ച ആറ് ഏകദിനങ്ങളില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുമ്ര നേടിയത്.