അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തി. കെ എൽ രാഹുലിന്റെയും (100) ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (103*) സെഞ്ചുറികളുടെ മികവിൽ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തു. സായ് സുദർശനും (81) റിഷഭ് പന്തും (50*) അർധസെഞ്ചുറികൾ നേടി.

ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. മുല്ലാന്‍പൂരില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 368 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ (100), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (പുറത്താവാതെ 103) എന്നിവരാണ് ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സായ് സുദര്‍ശന്‍ 81 റണ്‍സ് നേടി. റിഷഭ് പന്ത് (50) ഗില്ലിനൊപ്പം ക്രീസിലുണ്ട്. അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സെയ്ഫി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോശമല്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍ - രാഹുല്‍ സഖ്യം 41 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ അഫ്‌സര്‍ സസായ്, ജയ്‌സ്വാളിന്റെ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനിടെ ജയ്‌സ്വാള്‍ നല്‍കിയ അവസരം അഫ്ഗാന്‍ വിട്ടുകളഞ്ഞിരുന്നു. അത് മുതലാക്കാന്‍ ജയ്‌സ്വാളിന് സാധിച്ചതുമില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍ - സുദര്‍ശന്‍ സഖ്യം 139 റണ്‍സും ചേര്‍ത്തു. എന്നാല്‍ സായ്, സെയ്ഫിയുടെ പന്തില്‍ വീണു. ഇത്തവണയും വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. 13 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സായിയുടെ ഇന്നിംഗ്‌സ്.

പിന്നാലെ രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചില്ല. സെഞ്ചുറി തികച്ച ഉടനെ പുറത്താവുകയായിരുന്നു. 11 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്ലിനൊപ്പം 67 റണ്‍സ് ചേര്‍ത്ത ശേഷമാണ് രാഹുല്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ പന്ത് ആക്രമിച്ച് കളിച്ചു. വൈകാതെ ഗില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഇതുവരെ ഒരു സിക്‌സും 11 ഫോറും ഗില്‍ നേടി. പന്തിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും രണ്ട് ഫോറുമുണ്ട്. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഇതുവരെ 121 റണ്‍സും കൂട്ടിചേര്‍ത്തു.

നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജൂറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മാനവ് സുതര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

അഫ്ഗാനിസ്ഥാന്‍: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ്, അബ്ദുള്‍ മാലിക്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അഫ്‌സര്‍ സസായ് (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, ഷറഫുദ്ദീന്‍ അഷ്‌റഫ്, നംഗേലിയ ഖരോട്ടെ, സിയാവുര്‍ റഹ്മാന്‍ ശരീഫി, മുഹമ്മദ് സലീം സാഫി.

YouTube video player