ഐപിഎല്‍ പോലുള്ള ചെറിയ ഫോര്‍മാറ്റുകള്‍ക്കായി തന്റെ സ്വാഭാവിക ബൗളിംഗ് ശൈലി മാറ്റരുതെന്നും പൂജാര താരത്തിന് ഉപദേശം നല്‍കി. ഗാലെ ടെസ്റ്റിലെ പ്രകടനത്തോടെയാണ് സുതാര്‍ ശ്രദ്ധേയനായത്.
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ പന്തേറിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച യുവ സ്പിന്നര്‍ മാനവ് സുതറിനെ റെഡ്-ബോള്‍ ക്രിക്കറ്റിനായി സംരക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ഗാലെ ടെസ്റ്റില്‍ 10 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ഇരുപത്തിനാലുകാരനായ സുതാര്‍ ഐപിഎല്‍ കരാറുകള്‍ക്ക് പിന്നാലെ പോകാതെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പൂജാരയുടെ അഭിപ്രായം. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുവതാരങ്ങള്‍ക്ക് ചെറിയ ഫോര്‍മാറ്റുകളില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും, ടെസ്റ്റ് ക്രിക്കറ്റിനായി ഇന്ത്യ സുതാറിനെ കരുതിവെക്കണമെന്ന് പൂജാര ആവശ്യപ്പെട്ടു. ഐപിഎല്‍ കളിക്കുന്നതില്‍ തെറ്റില്ലെങ്കിലും സ്വന്തം ശക്തിയായ സ്വാഭാവിക ശൈലി ഒരിക്കലും മാറ്റരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പന്ത് ഫ്‌ലൈറ്റ് ചെയ്ത് എറിയുന്നതാണ് മാനവ് സുതറിന്റെ പ്രത്യേകത. ഐപിഎല്ലിന് വേണ്ടി മാത്രം ആ സ്വാഭാവിക കഴിവ് താരം മാറ്റരുതെന്നും, റെഡ്-ബോള്‍ ക്രിക്കറ്റില്‍ വിജയം സമ്മാനിക്കുന്നത് ഈ കഴിവ് തന്നെയാണെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ ജനിച്ച മാനവ് സുതാര്‍ ഇതുവരെ 5 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെ അംഗമാണ് ഈ യുവതാരം. ഗാലെ ടെസ്റ്റില്‍ 165 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ത്തിന് മുന്നിലാണ്. ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് സുതാര്‍ തന്റെ മാന്ത്രിക സ്പിന്നിലൂടെ മത്സരത്തിന്റെ താരമായി മാറിയത്.

