ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് ശുഭ്മാന്‍ ഗില്ലിന് കൂടുതല്‍ കരുത്തേകുമെന്ന് ചേതേശ്വര്‍ പുജാര അഭിപ്രായപ്പെട്ടു. ഈ അവഗണന ഗില്ലിനെ വാശിയുള്ളവനാക്കുമെന്നും, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും പുജാര പറഞ്ഞു. 

അഹമ്മദാബാദ്: മാര്‍ച്ച് 28ന് ഐപിഎല്‍ 2026 ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിലേക്കാണ്. ടെസ്റ്റ് - ഏകദിന ടീമുകളുടെ നായകനായിട്ടും ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ അവഗണന ഗില്ലിനെ കൂടുതല്‍ കരുത്തനാക്കുമെന്നും കരിയറിലെ തന്നെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാകും ഇതെന്നും മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര അഭിപ്രായപ്പെട്ടു. കൂടുതല്‍ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയിലേക്ക് ഇന്ത്യന്‍ ടി20 ടീമിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ഗില്ലിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത്.

ആധുനിക ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ ഗില്ലിന് സാധിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പില്‍ കിരീടം നേടാനുള്ള അവസരം ഇതോടെ ഗില്ലിന് നഷ്ടമായിരുന്നു. പൂജാര പറയുന്നതിങ്ങനെ... ''ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാത്തത് തീര്‍ച്ചയായും ഗില്ലിനെ വാശിയുള്ളവനാക്കും. മൂന്ന് ഫോര്‍മാറ്റുകളിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തിയാല്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ടി20 ടീമിലേക്ക് തിരിച്ചെത്താം.'' പൂജാര ജിയോ ഹോട്ട്സ്റ്റാറിലെ 'ഗെയിം പ്ലാന്‍' എന്ന പരിപാടിയില്‍ പറഞ്ഞു.

സ്‌ട്രൈക്ക് റേറ്റിലെ പുരോഗതി

2025 ഐപിഎല്‍ സീസണില്‍ മികച്ച കണക്കുകളാണ് ഗില്ലിനുള്ളത്. 50 ശരാശരിയില്‍ 650 റണ്‍സ് നേടിയ അദ്ദേഹം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തായിരുന്നു. തന്റെ കരിയറിലെ ശരാശരി സ്‌ട്രൈക്ക് റേറ്റായ 138.72-ല്‍ നിന്ന് 155.88-ലേക്ക് സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താനും കഴിഞ്ഞ സീസണില്‍ ഗില്ലിന് സാധിച്ചു. എങ്കിലും പതുക്കെ ബാറ്റ് ചെയ്യുന്ന 'ആങ്കര്‍' എന്ന ലേബല്‍ മാറ്റാന്‍ കൂടുതല്‍ വേഗതയില്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ടെന്ന് പുജാര ഓര്‍മ്മിപ്പിച്ചു.

പൂജാര തുടര്‍ന്നു... ''ഗില്ലിന് മേല്‍ അല്പം സമ്മര്‍ദ്ദമുണ്ടാകാം, കാരണം അദ്ദേഹം നിലവില്‍ ടി20 ടീമിന്റെ ഭാഗമല്ല. എന്നാല്‍ തന്റെ ബാറ്റിംഗ് ശൈലി മെച്ചപ്പെടുത്താനുള്ള വലിയൊരു അവസരമാണിത്. 150 മുതല്‍ 160 വരെ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കാന്‍ ഈ സീസണ്‍ ഗില്ലിനെ സഹായിക്കും.'' പുജാര കൂട്ടിച്ചേര്‍ത്തു.

ബിസിസിഐ പുരസ്‌കാര നിറവില്‍

അടുത്തിടെ നടന്ന ബിസിസിഐ നമന്‍ അവാര്‍ഡ്സില്‍ മികച്ച താരമായി ശുഭ്മന്‍ ഗില്ലിനെ തിരഞ്ഞെടുത്തിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഇതേ ആത്മവിശ്വാസത്തോടെ ഐപിഎല്ലിലും തിളങ്ങാനാണ് താരം ലക്ഷ്യമിടുന്നത്. ഏപ്രില്‍ 1ന് മുല്ലാന്‍പൂരില്‍ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തോടെയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഈ സീസണിലെ പോരാട്ടം തുടങ്ങുന്നത്.

YouTube video player