Asianet News MalayalamAsianet News Malayalam

ധോണിയുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ല; ആദ്യമായി പ്രതികരിച്ച് ഋഷഭ് പന്ത്

മൂന്ന് മത്സരങ്ങള്‍ കളിച്ച പന്ത് 274 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പന്ത് തന്നെ. ഗാബയില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതും പന്ത് ആയിരുന്നു.

comparing with dhoni is great honor but not really interested says pant
Author
New Delhi, First Published Jan 21, 2021, 8:41 PM IST

ദില്ലി: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തായിരുന്നു. മൂന്ന് മത്സരങ്ങള്‍ കളിച്ച പന്ത് 274 റണ്‍സാണ് നേടിയത്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും പന്ത് തന്നെ. ഗാബയില്‍ ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതും പന്ത് ആയിരുന്നു. 328 റണ്‍സ് പിന്തുടരുമ്പോള്‍ 89 റണ്‍സുമായി താരം പുറത്താവാതെ നില്‍ക്കുകയായിരുന്നു.

ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും വിക്കറ്റ് കീപ്പിംഗില്‍ താരം വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലും അദ്ദേഹം അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു. ഇന്നാണ് താരം ഇന്ത്യയില്‍ തിരിച്ചെത്തിയത്. ക്രിക്കറ്റില്‍ തന്റേതായിട്ടുള്ള ഒരിടം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്ന് പന്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു. ''എന്റേതായിട്ടുള്ള ഒരിടം കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി മഹനായ ക്രിക്കറ്ററാണ്. 

അദ്ദേഹത്തോടെ എന്നെ താരതമ്യപ്പെടുത്തുന്നത് എനിക്ക് ലഭിക്കുന്ന അംഗീകാരമായിട്ടാണ് കാണുന്നത്. എന്നാല്‍ ഈ താരതമ്യത്തോട് ഒരിക്കലും എനിക്ക് താല്‍പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എനിക്കൊരു ഇടമുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ധോണിയെ പോലെ ഒരു ഇതിഹാസത്തോട് താരതമ്യപ്പെടുത്തുന്നത് ശരിയല്ല.'' പന്ത് വ്യക്തമാക്കി. 

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ധോണിയുടെ ഒരു റെക്കോഡ് പന്ത് സ്വന്തമാക്കിയിരുന്നു. വേഗത്തില്‍ 1000 പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറാവുകയായിരുന്നു അദ്ദേഹം. 27 ഇന്നിങ്‌സില്‍ നിന്നാണ് പന്ത് 1000 ക്ലബിലെത്തിയത്. 32 ഇന്നിങ്‌സിലാണ് ധോണി 1000 കടന്നിരുന്നത്.

Follow Us:
Download App:
  • android
  • ios