മുംബൈ: വെറ്ററന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട ആശയകുഴപ്പം തുടരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം നവംബര്‍ വരെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നേക്കും. ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. രണ്ട് മാസത്തെ അവധി വേണമെന്ന് ആവശ്യമപ്പെട്ട് ധോണി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോഴിത അവധി നീട്ടിയിരിക്കുന്നു.

അവധി നീട്ടുന്നതോടെ വിജയ് ഹസാരെ ട്രോഫിയിലും പിന്നാലെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20യിലും ധോണിയെ കാണില്ല. നവംബറിലാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തുന്നത്. നേരത്തെ, വിന്‍ഡീസ് പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന പരമ്പരയും ധോണിക്ക് നഷ്ടമായിരുന്നു. 

നവംബറിന് ശേഷം തിരിച്ചെത്താന്‍ തീരുമാനിച്ചാല്‍ ഡിസംബറില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയുണ്ടാവും. ഋഷഭ് പന്താണ് ഇപ്പോള്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ മോശം ഫോമില്‍ കളിക്കുന്ന പന്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സമയമാണിത്.