അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവർ ഒന്നിച്ച 'വിത്ത് ലവ്' എന്ന റൊമാന്റിക് ഡ്രാമ ഒടിടിയിൽ മികച്ച പ്രതികരണം നേടുന്നു. 'ടൂറിസ്റ്റ് ഫാമിലി'യുടെ സംവിധായകൻ അബിഷൻ നായകനായി അരങ്ങേറുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മദൻ ആണ്. With Love ott response.

അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ 'വിത്ത് ലവ്' ഒടിടി സ്ട്രീമിങ്ങിലും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. ഫെബ്രുവരി ആറിന് ആഗോള റിലീസായെത്തിയ ചിത്രം മാർച്ച് 6 നായിരുന്നു ഒടിടിയിലെത്തിയത്.

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിച്ചിരിക്കുന്ന ചിത്രം ആണ് വിത്ത് ലവ്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രം 39 കോടിയിലേറെ ആഗോള കളക്ഷനും നേടി.

ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ടൂറിസ്റ്റ് ഫാമിലി'യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി എത്തിയിരിക്കുകയാണ്. ലവർ, ടൂറിസ്റ്റ് ഫാമിലി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയി ജോലി ചെയ്‍ത മദൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി എന്റർടൈൻമെന്റ്. ഹരിഷ് കുമാർ, കാവ്യാ അനിൽ, സച്ചിൻ നാച്ചിയപ്പൻ, തേനി മുരുഗൻ, ശരവണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.