പഞ്ചാബിനെതിരെ പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനം ചെന്നൈയുടെ മൈനസ് നെറ്റ് റണ്‍റേറ്റില്‍(-2.562) നേരിയ വ്യത്യാസം വരുത്തി എന്നത് മാത്രമാണ് ആശ്വാസം.
ചെന്നൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയ പഞ്ചാബ് കിംഗ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാമത്. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 5 വിക്കറ്റിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ മറികടന്നാണ് നാലു പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാം സ്ഥാനം നഷ്ടമായെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള(+4.171) രാജസ്ഥാന് വീണ്ടും ഒന്നാം സ്ഥാനത്തെത്താം.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവസാന സ്ഥാനത്ത് തുടരുകയാണ്. അതേസമയം പഞ്ചാബിനെതിരെ പുറത്തെടുത്ത മികച്ച ബാറ്റിംഗ് പ്രകടനം ചെന്നൈയുടെ മൈനസ് നെറ്റ് റണ്‍റേറ്റില്‍(-2.562) നേരിയ വ്യത്യാസം വരുത്തി എന്നത് മാത്രമാണ് ആശ്വാസം. പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആര്‍സിബി മൂന്നാം സ്ഥാനത്തേക്ക് വീണു. ഡല്‍ഹി നാലാമതും മുംബൈ അഞ്ചാമതുമുള്ള പട്ടികയില്‍ ഹൈദരാബാദ് ആണ് ആറാമത്. ഗുജറാത്ത്, ലക്നൗ, കൊല്‍ക്കത്ത, ചെന്നൈ ടീമുകളാണ് ഇതുവരെ പോയന്‍റൊന്നും നേടാത്ത ടീമുകള്‍.
പോയന്‍റ് പട്ടികയിലെ മാറ്റത്തിനൊപ്പം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിലും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപിലും ഇന്നലത്തെ മത്സരം മാറ്റം വരുത്തി. ഇന്നലെ ചെന്നൈക്കെതിരെ 22 പന്തില്‍ 36 റണ്‍സടിച്ച പഞ്ചാബ് താരം കൂപ്പര്‍ കൊണോലിയാണ് ഓറഞ്ച് ക്യാപ് തലയിലാക്കിയത്. 2 മത്സരങ്ങളില്‍ 108 റൺസുമായാണ് കൊണോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 103 റണ്‍സെടുത്ത കൊല്‍ക്കത്ത താരം അംഗ്രിഷ് രഘുവംശിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കൊണോലിയുുടെ മുന്നേറ്റം.
വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിലും ഇന്നലത്തെ മത്സരത്തോടെ മാറ്റം വന്നു. ഇന്നലെ ചെന്നൈക്കെതിരെ നാലോവറില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത പഞ്ചാബിന്‍റെ വിജയകുമാര്‍ വൈശാഖാണ് പുതിയ പര്‍പ്പിള്‍ ക്യാപ് ഉടമ. രണ്ട് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് വിജയകുമാര്‍ വൈശാഖ് പര്‍പ്പിള്‍ ക്യാപ് തലയിലണിഞ്ഞത്. നാലു വിക്കറ്റ് വീതമെടുത്തിട്ടുള്ള ജയദേവ് ഉനദ്ഘട്ട്, അന്‍ഷുല്‍ കാംബോജ്, ബ്ലെസിംഗ് മുസറബാനി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
