ഫെലിക്‌സ് ഓഗര്‍ അലിയസിമെയുടെ വെല്ലുവിളി അതിജീവിച്ചാണ് റഷ്യയുടെ മെദ്‌വദേവ് (Daniil Medvedev) അവസാന നാലിലെത്തിത്. കാനഡയുടെ ഫെലിക്‌സിനെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് മെദ്‌വദേവ് മറികടന്നത്. 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (Australian Open) പുരുഷ വിഭാഗം രണ്ടാം സെമിയില്‍ ഡാനില്‍ മെദ്‌വദേവ്- സ്റ്റെഫാനോസ് സിറ്റ്‌സിപാസ് പോരാട്ടം. ഫെലിക്‌സ് ഓഗര്‍ അലിയസിമെയുടെ വെല്ലുവിളി അതിജീവിച്ചാണ് റഷ്യയുടെ മെദ്‌വദേവ് (Daniil Medvedev) അവസാന നാലിലെത്തിത്. കാനഡയുടെ ഫെലിക്‌സിനെ അഞ്ച് സെറ്റ് നീണ്ട പോരിലാണ് മെദ്‌വദേവ് മറികടന്നത്. 

ഇറ്റാലിയന്‍ താരം യാനിക് സിന്നറെ തോല്‍പ്പിച്ച് സിറ്റ്‌സിപാസും (Stefanos Tsitsipas) സെമിയില്‍ കടന്നു. വനിതകളുടെ സെമിയില്‍ ഒന്നാം സീഡ് അഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ മാര്‍ഡി കീസിനെ നേരിടും. മറ്റൊരു സെമിയില്‍ ഇഗ സ്വിയടെക് അമേരിക്കയുടെ ഡാനിയേ കോളിന്‍സിനെതിരെ മത്സരിക്കും. 

സിന്നര്‍ക്കെതിരെ ആധികാരിക ജയമാണ് സിറ്റ്‌സിപാസ് സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ഒരു സെറ്റ് പോലും നാലാം സീഡ് വഴങ്ങിയില്ല. സ്‌കോര്‍ 3-6 4-6 2-6. എന്നാല്‍ കാനഡയുടെ ഫെലിക്‌സ്- മെദ്‌വദേവ് പോരാട്ടം ഒരു ത്രില്ലറായിരുന്നു. ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമായിരുന്നു മെദ്‌വദേവിന്റെ തിരിച്ചുവരവ്. 7-6 6-3 എന്ന സ്‌കോറിന് ആദ്യ രണ്ട് സെറ്റും ഫെലിക്‌സ് നേടി. 

മൂന്നാം സെറ്റില്‍ തോല്‍വിയുടെ മുനമ്പില്‍ നിന്ന് മെദ്‌വദേവിന്റെ തിരിച്ചുവരവ്. ഫെലിക്‌സ് മാച്ച് പോയിന്റില്‍ നില്‍ക്കെ മെദ്‌വദേവ് മനോഹരമായി തിരിച്ചെത്തി. പിന്നാലെ ടൈ ബ്രേക്കില്‍ മൂന്നാം സെറ്റ് സ്വന്തമാക്കി. നാലാം സെറ്റ് 7-5ന് മെദ്‌വദേവിന്. 

നിര്‍ണായകമായ അവസാന സെറ്റില്‍ തുടക്കത്തില്‍ തന്നെ മെദ്‌വദേവ് എതിര്‍ താരത്തന്റെ സെര്‍വ് ഭേദിച്ചു. ഫെലിക്‌സിനും ഇതുപോലെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6-4ന് മെദ് വദേവ് സെറ്റെടുത്തു.