Asianet News MalayalamAsianet News Malayalam

എന്റെ മതം നോക്കിയാണ് അവര്‍ നിലപാട് സ്വീകരിച്ചത്; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് കനേരിയ

സ്‌പോട്ട് ഫിക്‌സിംഗിനെ തുടര്‍ന്ന് 2012ല്‍ താരത്തെ പിസിബി വിലക്കിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി ചുരുക്കാനോ എടുത്ത് മാറ്റാനോ പിസിബി മുതിര്‍ന്നിരുന്നില്ല.

danish kaneria on the behavior pcb against him
Author
Karachi, First Published Aug 8, 2020, 4:14 PM IST

കറാച്ചി: എപ്പോഴും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ സംസാരിച്ചിട്ടുള്ള താരമാണ് ഡാനിഷ് കനേരിയ. സ്‌പോട്ട് ഫിക്‌സിംഗിനെ തുടര്‍ന്ന് 2012ല്‍ താരത്തെ പിസിബി വിലക്കിയിരുന്നു. പിന്നീട് വിലക്കിന്റെ കാലാവധി ചുരുക്കാനോ എടുത്ത് മാറ്റാനോ പിസിബി മുതിര്‍ന്നിരുന്നില്ല. എന്നാല്‍ സമാന കുറ്റങ്ങള്‍ ചെയ്ത പല പാകിസ്ഥാന്‍ താരങ്ങള്‍ക്കും പിസിബി ഇളവ് നല്‍കിയിരുന്നു. 

ഇതിനെല്ലാമെതിരെ ഒരിക്കല്‍കൂടി പിസിബിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് കനേരിയ. മുന്‍ സ്പിന്നറുടെ വാക്കുകള്‍... ''പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കാന്‍ സാധിച്ചുവെന്നത് അഭിമാനമായിട്ടാണ് ഞാന്‍ കാണുന്നത്. ഹിന്ദു മതത്തില്‍ വന്ന ക്രിക്കറ്റര്‍ എന്നതിലും ഞാന്‍ അഭിമാനം കൊള്ളൂന്നു. രാജ്യത്തിനുവേണ്ടി വിക്കറ്റ് നേടാന്‍ സാധിച്ചതിലും വിജയങ്ങളുടെ ഭാഗമാവാന്‍ സാധിച്ചതിലും ഏറെ സന്തോഷം. എന്നാല്‍ എന്റെ മതം നോക്കി എന്നെ വേര്‍ത്തിരിച്ച് നിര്‍ത്തിയിരുന്നു. പലപ്പോഴും എന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് രണ്ട് നിലപാടായിരുന്നു. ടീമിലെ ബാക്കിയുള്ള താരങ്ങളുമായി സൗഹാര്‍ദത്തോടെയും എന്നോട് മറ്റൊരു രീതിയിലുമായിരുന്നു പെരുമാറിയിരുന്നത്. 

ഉമര്‍ അക്മലിന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞതാണ്. മൂന്ന് വര്‍ഷത്തെ വിലക്കും താരത്തിന് ഏര്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ വിലക്കില്‍ ഇളവ് വരുത്തി. മുഹമ്മദ് ആമിര്‍, സല്‍മാന്‍ ബട്ട് എന്നിവര്‍ക്കെല്ലാം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനായി. എന്നാല്‍ എന്റെ കാര്യത്തില്‍ മാത്രം അങ്ങനെ സംഭവിച്ചില്ല. എന്റെ മതം നോക്കിയാണ് അവര്‍ നിലപാട് സ്വീകരിക്കുന്നത്.'' കനേരിയ പറഞ്ഞുനിര്‍ത്തി.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കനേരിയ 261 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 18 ഏകദിനങ്ങളില്‍ നിന്നായി 15 വിക്കറ്റും അക്കൗണ്ടില്‍ ചേര്‍ത്തു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മാത്രം ഹിന്ദു ക്രിക്കറ്ററാണ് കനേരിയ. 

Follow Us:
Download App:
  • android
  • ios