കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റര്‍മാരായ ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്തുണയായുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുന്‍ പാക് ക്രിക്കറ്റ് നടത്തിയ പ്രസ്താവനയെ അടച്ച് അക്ഷേപിക്കുകയാണ് കനേരിയ ചെയ്തത്. മേല്‍ പറഞ്ഞ ഇന്ത്യന്‍ താരങ്ങളും നേരത്തെ അഫ്രീദിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

ഒരു കാര്യം സംസാരിക്കുമ്പോള്‍ അഫ്രീദി പല തവണ ചിന്തിക്കണമെന്നാണ് കനേരിയ പറയുന്നത്. മുന്‍ സ്പിന്നര്‍ തുടര്‍ന്നു... ''ഒരു കാര്യം പറയാനൊരുങ്ങുമ്പോള്‍ അഫ്രീദി പലതവണ ചിന്തിക്കണം. അദ്ദേഹത്തിന് രാഷ്ട്രീയമാണ് താല്‍പര്യമെങ്കില്‍ ക്രിക്കറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കരുത്. രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കുന്നതെങ്കില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. അഫ്രീദിയുടെ പ്രസ്താവനകള്‍ പാക് ക്രിക്കറ്റിന് തെറ്റായ ചിത്രമാണ് നല്‍കുക. ക്രിക്കറ്റിന് മാത്രമല്ല, രാജ്യത്തിനും പോസിറ്റീവായി ഒന്നും നല്‍കണില്ല.'' കനേരിയ ഇന്ത്യ ടിവിയോട് പറഞ്ഞു.

''സഹായത്തിന് വേണ്ടി അദ്ദേഹം ഇന്ത്യന്‍ താരങ്ങളായുവരാജിനേയും ഹര്‍ഭജനേയും ആശ്രയിച്ചു. എന്നാല്‍ സഹായം സ്വീകരിച്ച ശേഷം അവരുടെ രാജ്യത്തെയും പ്രധാനമന്ത്രിയേയും തള്ളിപറയുകയാണ് അഫ്രീദി ചെയ്തത്. ഇതെന്ത് സൗഹൃദമാണെന്ന് എനിക്ക് മനസിലാവുന്നില്ല.'' കനേരിയ പറഞ്ഞുനിര്‍ത്തി.

ഈ ലോകം ഇന്ന് വലിയൊരു രോഗത്തിന്റെ പിടിയിലാണെന്നും എന്നാല്‍ അതിലും വലിയ രോഗം ഇന്ത്യന്‍ പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ മനസിലാണെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ  ഏഴ് ലക്ഷം സൈനികര്‍ക്ക് തുല്യമായ സൈനികരെയാണ് മോദി കശ്മീരില്‍ വിന്യസിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ കശ്മീരികള്‍ പോലും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നതെന്നും അഫ്രീദി പറയുകയുണ്ടായി.

അഫ്രീദിയുടെ വിവിദ പ്രസ്താവനയക്ക് ശേഷം അയാളുമായി ഇനി ഒരു ബന്ധവുമില്ലെന്ന് യുവരാജും ഹര്‍ഭജനും വ്യക്തമാക്കിയിരുന്നു. വാര്‍ത്തകളില്‍ ഇടം നേടാന്‍ ഒരാള്‍ എന്തൊക്കെ ചെയ്യണമെന്ന് അഫ്രീദിയെ പരിഹാസിച്ച് റെയ്‌ന പറഞ്ഞിരുന്നു. ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ കഴിയുമ്പോഴും താങ്കള്‍ക്ക് കാശ്മീരാണോ പ്രധാനമെന്നായിരുന്നു ധവാന്റെ ചോദ്യം.

പാകിസ്ഥാന് വേണ്ടി 61 ടെസ്റ്റില്‍ നിന്ന് 261 വിക്കറ്റ് വീഴ്ത്തിയ താരമാണ് കനേരിയ. 18 ഏകദിനങ്ങളില്‍ 15 വിക്കറ്റും മുന്‍താരം നേടിയിട്ടുണ്ട്. ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്നും കനേരിയ പറഞ്ഞു.