ആർസിബി ബാറ്റർമാരായ ടിം ഡേവിഡ്, രജത് പാട്ടിദാർ എന്നിവർക്കെതിരെ ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ പരീക്ഷിച്ച 'വൈഡ് യോർക്കർ' തന്ത്രമാണ് റായുഡുവിനെ ചൊടിപ്പിച്ചത്.
ചെന്നൈ: ഐപിഎൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനും ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനും നേരെ രൂക്ഷ വിമര്‍ശനവുമായി ചെന്നൈ മുന്‍ താരം അംബാട്ടി റായുഡു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ റുതുരാജിന്‍റെ തന്ത്രപരമായ പിഴവുകള്‍ ചൂണ്ടക്കാട്ടിയാണ് അമ്പാട്ടി റായുഡു രംഗത്തെത്തിയത്.
ആർസിബി ബാറ്റർമാരായ ടിം ഡേവിഡ്, രജത് പാട്ടിദാർ എന്നിവർക്കെതിരെ ഡെത്ത് ഓവറുകളിൽ ചെന്നൈ ബൗളർമാർ പരീക്ഷിച്ച 'വൈഡ് യോർക്കർ' തന്ത്രമാണ് റായുഡുവിനെ ചൊടിപ്പിച്ചത്. അൻഷുൽ കംബോജ്, ജാമി ഓവർട്ടൺ എന്നിവർ എറിഞ്ഞ ഈ പന്തുകളില്‍ ആർസിബി ബാറ്റർമാർ തുടര്‍ച്ചയായി സിക്സുകള്‍ പറത്തിയിരുന്നു.
വർഷങ്ങളായി സിഎസ്‌കെ നെറ്റ്‌സിൽ ഇത്തരം പന്തുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ എം.എസ്. ധോണി ക്യാപ്റ്റനായിരുന്നപ്പോൾ മത്സരങ്ങളിൽ ഒരിക്കലും ഈ തന്ത്രം പ്രയോഗിക്കാൻ അദ്ദേഹം അനുവാദം നൽകിയിരുന്നില്ല. ക്രീസിന് പുറത്തേക്ക് അൽപം നീങ്ങി നിന്നാൽ ബാറ്റർമാർക്ക് ഈ ആംഗിൾ എളുപ്പത്തിൽ മറികടക്കാം. പരീക്ഷണങ്ങൾക്ക് മുതിരാതെ കൃത്യമായ യോർക്കറുകളും സ്ലോ ബോളുകളും എറിയുന്ന പഴയ ശൈലിയാണ് സിഎസ്‌കെക്ക് നല്ലതെന്നും റായുഡു വ്യക്തമാക്കി.
മത്സരത്തിന് ശേഷം സംസാരിച്ച ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗും ടീമിന്‍റെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അവസാന അഞ്ച് ഓവറുകളിൽ ടിം ഡേവിഡ് തകർത്തടിച്ചതാണ് മത്സരത്തിന്‍റെ ഗതി നിര്‍ണയിച്ചതെന്ന് ഫ്ലെമിംഗ് പറഞ്ഞു.മികച്ച രീതിയിൽ കളി തുടങ്ങിയെങ്കിലും ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്താൻ കഴിയാഞ്ഞത് തിരിച്ചടിയായി. അവസാന ഓവറുകളിൽ ബൗളിംഗിലെ നിയന്ത്രണം ഞങ്ങൾക്ക് നഷ്ടമായി. കൃത്യമായി പന്തെറിഞ്ഞിരുന്നെങ്കിൽ 210-220 റൺസിൽ ആർസിബിയെ തളയ്ക്കാമായിരുന്നു. എന്നാൽ ചെന്നൈ 250 റണ്‍സടിച്ചതോടെ ടീം ആകെ തകർന്നുപോയി. അത് ടീമിന്‍റെ ബാറ്റിംഗിനെയും ബാധിച്ചുവെന്നും ഫ്ലെമിംഗ് വിശദീകരിച്ചു.
