ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ വഴിത്തിരിവായിരുന്ന 2007 ടി20 ലോകകപ്പ്. എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പ് കിരീടം നേടി. ആ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ആ നാണക്കേട് മറികടക്കാന്‍ ഇന്ത്യക്ക് ഒരു ഐസിസി കിരീടം വേണമായിരുന്നു.

ആ വര്‍ഷം തന്നെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവര്‍ പങ്കെടുത്തിരുന്നില്ല. എന്തുകൊണ്ട് അവര്‍ ടൂര്‍ണമെ്ന്റ് കൡച്ചില്ലെന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് അന്ന് ടീം മാനേജറായിരുന്ന ലാല്‍ചന്ദ് രജ്പുത്.

ടി20 ലോകകപ്പില്‍ നിന്ന് പിന്മാറാണ് ദ്രാവിഡ് സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ലാല്‍ചന്ദ് തുടര്‍ന്നു... ''സച്ചിനോടും ഗാംഗുലിയോടും പിന്മാറാന്‍ ദ്രാവിഡ് ആവശ്യപ്പെടുകയായിരുന്നു. ഇരുവരെയും ദ്രാവിഡ് പറഞ്ഞുസമ്മതിപ്പിച്ചു. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഇന്ത്യന്‍ ടീം. അന്ന് ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. ചില താരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്ന് നേരിട്ട് ദക്ഷിണാഫ്രിക്കിയില്‍ വരികയായിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി മാറിനില്‍ക്കുകയാണെന്ന് മൂവരം വ്യക്തമാക്കി.'' ലാല്‍ചന്ദ് പറഞ്ഞു. 

എന്നാല്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ 'ഞങ്ങള്‍ ഇനിയെന്ന് ലോകകപ്പ് ജയിക്കാനാണ്' എന്ന വിഷമം അവര്‍ക്ക് ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ''ഏറെ വര്‍ഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നുണ്ടെങ്കിലും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ലെന്ന് സച്ചിന്‍ എന്നോട് എപ്പോഴും പറയുമായിരുന്നു. 2007 ലോകകപ്പ് ടീമിന്റെ മാനേജര്‍ ഞാനായിരുന്നു. യുവാക്കളുടെ ഒരു സംഘമാണു കളിക്കാനിറങ്ങുന്നത്, അതുകൊണ്ടുള്ള വെല്ലുവിളി ഏറെയായിരുന്നു.'' അദ്ദേഹം വ്യക്തമാക്കി.

''ട്വന്റി20 ലോകകപ്പ് ജയിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം തന്നെ മാറി. ഞങ്ങള്‍ ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഇടം പിടിക്കുകയായിരുന്നു യുവതാരങ്ങളുടെയെല്ലാം ശ്രമം. ഞങ്ങള്‍ ഒരു രാജ്യാന്തര ട്വന്റി20 മത്സരം മാത്രമാണു അതിനു മുന്‍പ് കളിച്ചിരുന്നത്.'' ലാല്‍ചന്ദ് കൂട്ടിച്ചേര്‍ത്തു.