ലണ്ടന്‍: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടെസ്റ്റ്, ടി20 ടീമുകളെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബെയര്‍ സ്റ്റോ, ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ ജേസണ്‍ റോയ് എന്നിവരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. തുടയ്ക്കേറ്റ പരിക്ക് ഭേദമാകാത്ത പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണും ടീമിലില്ല.

നാലു പുതുമുഖങ്ങള്‍ അടങ്ങുന്നതാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം. വാര്‍വിക്‌ഷെയര്‍ ഓപ്പണര്‍ ഡൊമനിക് സിബ്‌ലെ, കെന്റ് താരം സാക് ക്രോളി, ലങ്കാഷെയര്‍ താരങ്ങളായ സാഖിബ് മെഹമൂദ്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരാണ് ടെസ്റ്റ് ടീമിലെ പുതുമുഖങ്ങള്‍.ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റിലും കളിച്ച ബെയര്‍സ്റ്റോക്ക് 214 റണ്‍സ് മാത്രമാണ് നേടാനായത്. അതേസമയം, ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയ ബെയര്‍സ്റ്റോക്ക് ടി20 ടീമില്‍ സെലക്ടര്‍മാര്‍ അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജേസണ്‍ റോയ് ടി20 ടീമിലും ഇടം നേടിയില്ല.

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ആന്‍ഡേഴ്സണ്‍ ഇതുവരെ പരിക്കില്‍ നിന്ന് മുക്തനായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമല്ലാത്ത ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബര്‍ 21ന് ആരംഭിക്കും. 29നാണ് രണ്ടാം ടെസ്റ്റ്. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇടു ടീമുകളും കളിക്കും. നവംബര്‍ ഒന്നിനാണ് പരമ്പരയിലെ ആദ്യ ടി20 മത്സരം.