മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് മികച്ച തുടക്കം. ബാബര്‍ അസമിന്റെയും ഷാന്‍ മസൂദിന്റെയും ബാറ്റിംഗ് മികവില്‍ ഒന്നാം ദിനം മഴയും വെളിച്ചക്കുറവുംമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. 69 റണ്‍സുമായി ബാബര്‍ അസമും 46 റണ്‍സോടെ ഷാന്‍ മസൂദും ക്രീസില്‍.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ  പാക്കിസ്ഥാന് ഓപ്പണര്‍മാരായ ഷാന്‍ മസൂദും ആബിദ് അലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ബ്രോഡിന്റെയും ആന്‍ഡേഴ്സന്റെയും സ്വിംഗിനെ അതിജീവിച്ച് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 റണ്‍സെടുത്തു. ആബിദ് അലിയെ ക്ലീന്‍ ബൗള്‍ഡാക്കി ജോഫ്ര ആര്‍ച്ചറാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്, 16 റണ്‍സായിരുന്നു ആബിദിന്റെ സമ്പാദ്യം.


ആബിദിന്റെ വിക്കറ്റ് വീണതിന് പിന്നാലെ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെയും പാക്കിസ്ഥാന് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പ് ക്രിസ് വോക്സാണ് അസ്ഹര്‍ അലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇതോടെ 43/2ലേക്ക് വീണ പാക്കിസ്ഥാന്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിട്ടെങ്കിലും പതുക്കെ തുടങ്ങിയ ബാബര്‍ അസമും ക്ഷമയോടെ പിടിച്ചു നിന്ന ഷാന്‍ മസൂദും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ പാക്കിസ്ഥാനെ 100 കടത്തി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 96 റണ്‍സടിച്ചിട്ടുണ്ട്.

ആദ്യ ദിവസം ചായക്ക് തൊട്ടു മുമ്പ് പെയ്ത മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം വീണ്ടും കളി നിര്‍ത്തി. ആദ്യ ദിനം 49 ഓവര്‍ മാത്രമാണ് മത്സരം നടന്നത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാനം കളിച്ച ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം, മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന ശക്തമായ ബൗളിംഗ് നിരയുമായാണ് പാക്കിസ്ഥാന്‍ ഇറങ്ങിയത്.