ലണ്ടന്‍: ഓസ്ട്രേലിയക്കെതിരായ ഐതിഹാസിക വിജയത്തില്‍ ഇന്ത്യ മതിമറക്കേണ്ടെന്ന മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഓസ്ട്രേലിയക്കെതിരെ പ്രതിസന്ധികളെ മറികടന്ന് ഇന്ത്യ നേടിയത് ചരിത്ര വിജയം തന്നെയാണ്. അത് ആഘോഷിച്ചോളു. പക്ഷെ നിങ്ങളുടെ യഥാര്‍ത്ഥ പരീക്ഷണം വരുന്നത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ്. സ്വന്തം നാട്ടില്‍ നിങ്ങള്‍ക്ക് ഇംഗ്ലണ്ടിനെ കീഴടക്കണം. അതുകൊണ്ടുതന്നെ അമിതാഘോഷം വേണ്ട, തയാറായി ഇരുന്നോളു എന്നാണ് ഹിന്ദിയില്‍ പീറ്റേഴ്സന്‍റെ ട്വീറ്റ്.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ജയിച്ച് കരുത്തുകാട്ടിയിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുന്നത്. നാലു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇന്ത്യ നാലു മത്സര പരമ്പര 2-1ന് സ്വന്തമാക്കിയത്.