ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഒന്നാം ട്വന്റി 20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ടിന് പിഴ ശിക്ഷ. 

ലണ്ടന്‍: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ഒന്നാം ട്വന്റി 20യിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇംഗ്ലണ്ടിന് പിഴ ശിക്ഷ. മാച്ച് ഫീസിന്റെ പത്ത് ശതമാനമാണ് പിഴ ചുമത്തിയത്. മത്സരത്തില്‍ ഇന്ത്യ 97 റണ്‍സിന് ജയിച്ചിരുന്നു. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് രണ്ടോവര്‍ കുറച്ചാണ് പന്തെറിഞ്ഞത്. ഇതോടെയാണ് അംപയര്‍മാര്‍ ഇംഗ്ലണ്ടിന് പിഴ ചുമത്തിയത്. കുറവുള്ള ഓരോ ഓവറിനും മാച്ച് ഫീസിന്റെ അഞ്ച് ശതമാണ് പിഴ. ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം പരിശീലകരും മാച്ച് ഫീസിന്റെ പത്തുശതമാനം പിഴയൊടുക്കണം.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ 97 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 211 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 62 പന്തില്‍ 112 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 14.5 ഓവറില്‍ 113ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയാണ് ആതിഥേയരെ തകര്‍ത്തത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. സെഞ്ചുറിയോടെ ചില റെക്കോര്‍ഡുകളും മന്ദാന സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മന്ദാന. ട്വന്റി 20യില്‍ സ്മൃതിയുടെ ആദ്യ സെഞ്ച്വറി കൂടിയാണിത്. അതേസമയം, ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടിയ താരങ്ങളില്‍ ബെത്ത് മൂണിയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മന്ദാനയ്ക്ക് സാധിച്ചു. ഇരുവര്‍ക്കും എട്ട് 50+ സ്‌കോറുകളാണ് ഇരുവര്‍ക്കുമുള്ളത്. മെഗ് ലാനിംഗ് (5), ഡിയാന്‍ഡ്ര ഡോട്ടിന്‍ (3), ഹെയ്‌ലി മാത്യൂസ് (3), ഡെയ്ന്‍ വാന്‍ നീകെര്‍ക്ക് (3) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

വനിതാ ടി20യില്‍ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് മന്ദാന. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയത്. 2018ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ആ ഇന്നിംഗ്സ്. 103 റണ്‍സാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്. മന്ദാന ഇന്നലെ 112 റണ്‍സ് നേടിയതോടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും അവരുടെ പേരിലായി.

YouTube video player