പ്ലങ്കറ്റ് 49-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ രണ്ടോവറില്‍ 27 റണ്‍സായിരുന്നും പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്
ലണ്ടന്‍: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇംഗ്ലീഷ് ബൗളര്‍ ലിയാം പ്ലങ്കറ്റിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണം. പാക്കിസ്ഥാനെതിരായ ഏകദിനത്തിലെ 49-ാം ഓവര്‍ എറിഞ്ഞത് പ്ലങ്കറ്റായിരുന്നു. ആ ഓവറില്‍ എട്ട് റണ്‍സ് വിട്ടുകൊടുത്ത് പ്ലങ്കറ്റ് പാക് ബാറ്റ്സ്മാന്‍ ഫഹീം അഷ്റഫിന്റെ വിക്കറ്റെടുക്കുകയും ചെയ്തു. ബൗളിംഗിനായി തയാറെടുക്കുന്ന പ്ലങ്കറ്റ് പന്തില്‍ നഖം കൊണ്ട് പോറുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
റിവേഴ്സ് സ്വിംഗ് ലഭിക്കാനായി പ്ലങ്കറ്റ് പന്തില്‍ കൃത്രിമത്വം കാട്ടുകയായിരുന്നുവെന്നാണ് ആരോപണം. ഈതേക്കുറിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അന്വേഷിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രണ്ടു ടീമും വലിയ സ്കോര്‍ നേടിയ മത്സരത്തില്‍ 12 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. പ്ലങ്കറ്റ് 49-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ രണ്ടോവറില്‍ 27 റണ്‍സായിരുന്നും പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
ആ ഓവറില്‍ എട്ട് റണ്‍സാണ് പ്ലങ്കറ്റ് വഴങ്ങിയത്. മത്സരത്തില്‍ ഒമ്പതോവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത പ്ലങ്കറ്റ് രണ്ട് വിക്കറ്റെടുത്തിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 361 റണ്‍സടിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണത്തെത്തുടര്‍ന്ന് മൂവരെയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കഴിഞ്ഞ് വാര്‍ണറും സ്മിത്തും ലോകകപ്പ് ടീമിലാണ് മടങ്ങിയെത്തിയത്.
