ചെന്നൈയുടെ 'തല' ക്രീസിലിറങ്ങിയതോടെ ഗുജറാത്തിന്‍റെ ജയത്തേക്കാള്‍ ധോണിയുടെ ബാറ്റിംഗിലായി പിന്നെ ആരാധകരുടെ ശ്രദ്ധ.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എം എസ് ധോണി ബാറ്റ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ആരാധകന്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പതിനേഴാം ഓവറില്‍ ശിവം ദുബെ പുറത്തായപ്പോഴാണ് എം എസ് ധോണി എട്ടാമനായി ചെന്നൈക്കായി ബാറ്റിംഗിനിറങ്ങിയത്. ധോണി ക്രീസിലിറങ്ങുമ്പോഴെ ചെന്നൈ തോല്‍വി ഉറപ്പിച്ചിരുന്നു. അവസാന മൂന്നോവറില്‍ 74 റണ്‍സായിരുന്നു ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ചെന്നൈയുടെ 'തല' ക്രീസിലിറങ്ങിയതോടെ ഗുജറാത്തിന്‍റെ ജയത്തേക്കാള്‍ ധോണിയുടെ ബാറ്റിംഗിലായി പിന്നെ ആരാധകരുടെ ശ്രദ്ധ. പതിനെട്ടാം ഓവറില്‍ റാഷിദ് ഖാന്‍ രവീന്ദ്ര ജഡേജയെയും മിച്ചല്‍ സാന്‍റ്നറെയും കൂടി മടക്കി ചെന്നൈയുടെ അവശേഷിക്കുന്ന പ്രതീക്ഷയും തകര്‍ത്തെങ്കിലും അവസാന രണ്ടോവറില്‍ ധോണിയില്‍ നിന്ന് അരാധകര്‍ അപ്പോഴും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചു. പത്തൊമ്പതാം ഓവറില്‍ മോഹിത് ശര്‍മയെ ആദ്യ സിക്സിന് പറത്തി ധോണി ആരാധകർക്ക് പ്രതീക്ഷ നല്‍കി.

ലോകകപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോൽവി; സൈനിക ക്യാംപിലെ പരിശീലനമൊക്കെ വെറുതെ ആയല്ലോയെന്ന് ആരാധകർ

റാഷിദ് ഖാൻ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ രണ്ട് പന്തുക‌ൾ കൂടി ധോണി സിക്സിന് പറത്തിയതോടെ ആവേശം അടക്കാനാവാതെ ഗ്യാലറിയില്‍ നിന്ന് ഒരു ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി. ഈ സമയം പിച്ചിന് നടുവില്‍ നില്‍ക്കുകയായിരുന്ന ധോണി ആരാധകന്‍ തനിക്കരികിലേക്ക് ഓടി വരുന്നത് കണ്ട് പതുക്കെ ഓടാന്‍ ശ്രമിച്ചു. അരാധകനെ അമ്പയറും തടയാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ധോണിക്ക് അരികിലെത്തിയ ആരാധകന്‍ തൊഴുത് കാല്‍ക്കല്‍ വീണു.

Scroll to load tweet…
Scroll to load tweet…

ആരാധകനെ പിടിച്ചെഴുന്നേല്‍പ്പിച്ച ധോണി ആലിംഗനം ചെയ്ത് തോളില്‍ കൈയിട്ട് കുറച്ചു ദൂരം നടന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആരാധകനെ പിടിച്ചു കൊണ്ടുപോകുന്നതുവരെ തോളില്‍ കൈയിട്ട് ധോണി നടന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സടിച്ചപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് സിക്സും ഒരു ഫോറും അടക്കം 11 പന്തില്‍ 26 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക