മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും നവദീപ് സെയ്നിയും ചാഹര്‍ സഹോദരങ്ങളുമെല്ലാം ടീമിലിടം നേടിയപ്പോള്‍ ഗില്ലിനെ മാത്രം ഒഴിവാക്കിയതിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറെ നിരാശരാക്കിയത് ശുഭ്‌മാന്‍ ഗില്ലിനെ ഒഴിവാക്കിയതായിരുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിനായി ഏകദിന പരമ്പരയില്‍ ടോപ് സ്കോററായിട്ടും ഗില്ലിന് ഇന്ത്യന്‍ ടീമില്‍ സെലക്ടര്‍മാര്‍ ഇടം നല്‍കിയില്ലെന്നതാണ് ശ്രദ്ധേയമായത്.
മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും നവദീപ് സെയ്നിയും ചാഹര്‍ സഹോദരങ്ങളുമെല്ലാം ടീമിലിടം നേടിയപ്പോള്‍ ഗില്ലിനെ മാത്രം ഒഴിവാക്കിയതിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. രോഹിത്തിന് വിശ്രമം കൊടുത്തോ കേദാര്‍ ജാദവിനെ ഒഴിവാക്കിയോ ഗില്ലിനെ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് ചിലര്‍ പറയുന്നത്.
2023ലെ ലോകകപ്പിനുള്ള ടീമിനെ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഗില്ലിനായിരുന്നു അവസരം നല്‍കേണ്ടിയിരുന്നതെന്നും അവര്‍ വാദിക്കുന്നു. എന്തായാലും സെലക്ടര്‍മാര്‍ അവഗണിച്ച ദിവസം തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യ എക്കായി തകര്‍പ്പന്‍ പ്രകടനം ഗില്‍ പുറത്തെടുക്കുകയും ചെയ്തു.
