20006ൽ ഇന്ത്യക്കെതിരായ ഫൈസലാബാദ് ടെസ്റ്റില്‍ പാകിസ്ഥാന്‍ രണ്ട് ഇന്നിംഗ്സിലുമായി 1078 റണ്‍സടിച്ചിരുന്നു.
ബര്‍മിംഗ്ഹാം: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അപൂര്‍വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ 1000 റണ്‍സ് അടിച്ചെടുക്കുന്ന അഞ്ചാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. 2004ലെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 916 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യക്ക് മുമ്പ് ഒരു മത്സരത്തില്‍ 1000 റണ്‍സ് തികച്ച മറ്റ് ടീമുകള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിംഗ്സില്‍ 587 റണ്‍സിന് ഓള്‍ ഔട്ടായ ഇന്ത്യൻ ടീം രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ചിരുന്നു. ഇതോടെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ മാത്രം രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യയുടെ റണ്‍നേട്ടം 1014 റണ്‍സായി. ഈ നൂറ്റാണ്ടില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം ടെസ്റ്റില്‍ 1000 റണ്‍സ് പിന്നിടുന്നത്.
20006ൽ ഇന്ത്യക്കെതിരായ ഫൈസലാബാദ് ടെസ്റ്റില്‍ പാകിസ്ഥാന്‍ രണ്ട് ഇന്നിംഗ്സിലുമായി 1078 റണ്‍സടിച്ചിരുന്നു.1930ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്‌സ്റ്റണില്‍ ഇംഗ്ലണ്ട് 1121 റണ്‍സ് നേടിയതാണ് ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീം രണ്ട് ഇന്നിംഗ്സിലുമായി സ്കോര്‍ ചെയ്ത ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.
1934ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 1028 റണ്‍സ് നേടിയിട്ടുണ്ട്. ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 1014 റണ്‍സ് ടെസ്റ്റില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ ടീം ടോട്ടലാണ്. 1969ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓസ്ട്രേലിയ 1013 റൺസും 1939ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 1011 റണ്‍സടിച്ചതും ഇന്നലെ ഇന്ത്യ മറികടന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഇന്ത്യ 1849 റണ്‍സാണ് അടിച്ചെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ഇന്നലെ 427-6 എന്ന സ്കോറില്‍ ഇന്നിംഗ്സ ഡിക്ലയര്‍ ചെയ്ത ഇന്ത്യ ഇംഗ്ലണ്ടിന് 608 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.


