ധാക്ക: ബംഗ്ലാദേശ് യുവ ക്രിക്കറ്ററെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുന്‍ അണ്ടര്‍ 19 താരം മുഹമ്മദ് സൊസിബ് (21) ആണ് ജീവനൊടുക്കിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം ജീവിനൊടുക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസമാണ് താരത്തെ വീട്ടിലെ കിടപ്പു മുറിയുടെ സീലങില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

ബംഗ്ലാദേശിനായി അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കളിച്ച ബാറ്റ്‌സ്മാനാണ് സൊസിബ്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പിനുള്ള ടീമിലും താരം ഉള്‍പ്പെട്ടിരുന്നു. അഞ്ച് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ് ബംഗബന്ധു ടി20. ഇവയില്‍ ഏതെങ്കിലുമൊരു ടീമില്‍ സ്ഥാനം ലഭിക്കുമെന്ന് സോസിബ് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യം ബന്ധുക്കളില്‍ പലരോടും പറയുകയും ചെയ്തിരുന്നു. എന്നാല്‍ സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ താരത്തിന്റെ പേരില്ല. ഇതിനെ തുടര്‍ന്നുണ്ടായ നിരാശയില്‍ സൊസിബ് ജിവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ശനിയാഴ്ച രാത്രി ഭക്ഷണം പോലും കഴിക്കാതെ മുഹമ്മദ് മുറിയില്‍ കയറി വാതിലടച്ചു. പിറ്റേദിവസം രാവിലെ ഒന്‍പത് മണിയായിട്ടും മുറിയില്‍ നിന്ന് മകന്‍ പുറത്ത് വരാത്തതിനെ തുടര്‍ന്ന് മുഹമ്മദിന്റെ പിതാവ് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.