ഐപിഎല്ലില്‍ ഒമ്പത് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫിഞ്ച്. തുടക്കം മുതല്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളുടെ പേര് ക്രമത്തില്‍ പറയാന്‍ കോളിംഗ്‌വുഡ് ആവശ്യപ്പെട്ടു.

മുംബൈ: ഐപിഎല്‍ ഈമാസം 31 ആരംഭിക്കാനിരിക്കെ ഫാന്‍ ഫൈറ്റ് ഇപ്പോള്‍ തന്നെ തുടങ്ങി. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരുന്നതോടെയാണ് ഐപിഎല്ലിന് തുടക്കമാവുന്നത്. കമന്റേറ്റര്‍മാര്‍ വരെ വാക്‌പോരില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരം പോള്‍ കോളിംഗ്‌വുഡും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും തമ്മിലുള്ള സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഔദ്യോഗിക കമന്റേറ്റര്‍മാരാണ്. 2023 ഐപിഎല്ലിനെ കുറിച്ച് സംസാരിക്കുന്നതിനിടെ കോളിംഗ്‌വുഡ്, ക്രൂരമായി ഫിഞ്ചിനെ പരിഹസിക്കുന്നുണ്ട്.

ഐപിഎല്ലില്‍ ഒമ്പത് ഫ്രാഞ്ചൈസികള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഫിഞ്ച്. തുടക്കം മുതല്‍ കളിച്ചിട്ടുള്ള ഫ്രാഞ്ചൈസികളുടെ പേര് ക്രമത്തില്‍ പറയാന്‍ കോളിംഗ്‌വുഡ് ആവശ്യപ്പെട്ടു. ഫിഞ്ച് അത് കൃത്യമായി പറയുകയും ചെയ്തു. ഫിഞ്ച് പറഞ്ഞ് പൂര്‍ത്തിയാക്കിയതോടെയായിരുന്നു കോളിംഗ്‌വുഡിന്റെ പരിഹാസം. അതിങ്ങനെയായിരുന്നു... ''ഇതില്‍ അത്ഭുതകരമായ കാര്യമെന്തന്നാല്‍, പിന്നീട് ഒരു ടീമും നിങ്ങളെ നിലനിര്‍ത്തിയില്ലെന്നുള്ളതാണ്. അത്രത്തോളം മനോഹരമായിരുന്നു പ്രകടനം.'' കോളിംഗ്‌വുഡ് ചിരിയോടെ പറഞ്ഞു. ഫിഞ്ചിന് പോലും ചിരിയടക്കിപിടിക്കാനായില്ല. അതെനിക്കറിയാം എന്ന് ഫിഞ്ച് ചിരിയോടെ മറുപടി പറഞ്ഞു. 

2010ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഫിഞ്ച് ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. 2011ല്‍ ഡല്‍ഹി കാപിറ്റല്‍സിനൊപ്പം ചേര്‍ന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പൂനെ വാരിയേഴ്‌സിലേക്ക്. തൊട്ടടുത്ത വര്‍ഷം ഫിഞ്ചിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മേടിച്ചു. അടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സില്‍. ഒരു വര്‍ഷം മുംബൈയില്‍ ചെലവിട്ട ശേഷം 2014 മുതല്‍ ഗുജറാത്ത് ലയണ്‍സിനായി രണ്ട് വര്‍ഷവും കളിച്ചു. 

2018ല്‍ പഞ്ചാബിനായി കളിച്ച ഫിഞ്ച് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2020ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും കളിച്ചു. അവസാനം കളിച്ചത് കഴിഞ്ഞ വര്‍ഷം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി. 2023ല്‍ അദ്ദേഹം സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021ല്‍ ഓസ്‌ട്രേലിയ ടി20 ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഫിഞ്ചായിരുന്നു. 2015ല്‍ ഓസീസിനൊപ്പം ഏകദിന ലോകകപ്പും നേടി.

സച്ചിനും മെസിയും കാത്തിരുന്നു! ഇന്ത്യയുടെ ഐസിസി ട്രോഫി വരളര്‍ച്ചയെ കുറിച്ച് രവി ശാസ്ത്രിയുടെ മറുപടി രസകരം