മുംബൈ: ക്യാപ്റ്റനെന്ന നിലയില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പ്രകടനത്തെ വിലയിരുത്തി മുന്‍ താരവും ഇന്ത്യന്‍ മുന്‍ പരിശീലകനുമായ മദന്‍ലാല്‍. സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. 1996 മുതല്‍ 2000 വരെ 73 ഏകദിനങ്ങളും 25 ടെസ്റ്റിലുമാണ് സച്ചിന്‍ ഇന്ത്യയെ നയിച്ചത്. 23 ഏകദിനങ്ങളില്‍ ഇന്ത്യ ജയിച്ചപ്പോള്‍ 43 എണ്ണത്തില്‍ തോറ്റു. വിജയശരാശരി 35.07 ശതമാനം. നാല് ടെസ്റ്റില്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ തോറ്റു. വിജയശരാശരി 16. 

സച്ചിന്‍ മോശം ക്യാപ്റ്റനാണെന്ന് കരുതുന്നില്ലെന്ന് മദന്‍ലാല്‍ വ്യക്തമാക്കി. കാരണം വളരെ ലളിതമാണ്. സച്ചിന്‍ സ്വന്തം പ്രകടനത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കി. അതുകൊണ്ട് തന്നെ ടീമിന്റെ മൊത്തം ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായി. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതോടൊപ്പം മറ്റ് ടീം അംഗങ്ങളും മികച്ച പ്രകടനമാണോ നടത്തുന്നതെന്ന് ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ നല്‍കാന്‍ മാത്രമേ ക്യാപ്റ്റന് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ടീമംഗങ്ങളുടെ പ്രകടനം നന്നാകുമ്പോള്‍ ക്യാപ്റ്റന് അത്മവിശ്വാസം വര്‍ധിക്കും. യാതൊരു സംശയവുമില്ലാതെ അദ്ദേഹം എല്ലാവര്‍ക്കും അവസരം നല്‍കും. കളിക്കാരുമായി ആശയവിനിമയം നടത്തി ഗെയിം പ്ലാനുണ്ടാക്കും. കളിയുടെ ഗതി മനസ്സിലാക്കുന്നതില്‍ സച്ചിന്‍ മികച്ചവരാണ്. എങ്ങനെ ബൗള്‍ ചെയ്യണം, ചെയ്യരുതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. എന്നാല്‍, ചിലപ്പോള്‍ സ്വന്തം പ്രകടനച്ചില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. സച്ചിന്‍ ഒരു മോശം ക്യാപ്റ്റനാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.