ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല.
പൂനെ: ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു മലയാളി താരം സഞ്ജു സാംസണ്‍. പൂന, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു റണ്ണിനാണ് സഞ്ജു പുറത്തായത്. സാകിബ് മെഹ്മൂദിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ ലെഗില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇതേ രീതിയില്‍ തന്നെയാണ് സഞ്ജു പുറത്തായത്. ഇന്നും മാറ്റമൊന്നുമുണ്ടായില്ല.
ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20യില്‍ 26 റണ്‍സ് നേടിയ സഞ്ജു, ചെന്നൈയില്‍ രണ്ടാം ടി20യില്‍ അഞ്ച് റണ്‍സിനും പുറത്തായി. നടന്ന മൂന്നാം ടി20യില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സുമായി സഞ്ജു മടങ്ങിയിരുന്നു. ഇന്നും പവര്‍പ്ലേ പൂര്‍ത്തിയാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഇതോടെ താരത്തിനെതിരെ വിമര്‍ശനങ്ങളുമുണ്ടായി.
ഇപ്പോള്‍ സഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും യൂട്യൂബറുമായ ആകാശ് ചോപ്ര. സഞ്ജുവിനെ കുറിച്ച് പറഞ്ഞ്, അദ്ദേഹത്തിന്റെ ആരാധകരെ ഇളക്കിവിടാന്‍ താനില്ലെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. സഞ്ജു സാംസണ്‍ വീണ്ടും അതേ രീതിയില്‍ തന്നെ പുറത്തായി. സഞ്ജുവിന്റെ ആരാധകരെ ഇളക്കിവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ സഞ്ജു തുടര്‍ച്ചയായി നാല് തവണ സമാനമായി പുറത്താക്കപ്പെട്ടുവെന്നത് വസ്തുതയാണ്. ഇത്തവണ സാഖിബ് മഹ്മൂദിന്റെ ബൗളിങ്ങില്‍ പുറത്തായി. ഡീപ്പില്‍ ഒരു ഫീല്‍ഡറെ നിര്‍ത്തി, കൃത്യമായി അവര്‍ ഷോര്‍ട്ട് ബോള്‍ എറിഞ്ഞു. സഞ്ജു അതില്‍ വീഴുകയും ചെയ്തു.'' ചോപ്ര കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.

