Asianet News MalayalamAsianet News Malayalam

കോലി ആധുനിക ക്രിക്കറ്റിലെ മികച്ച താരം; പ്രശംസകൊണ്ട് മൂടി മുന്‍ പാക് താരം

1990ള്‍ക്ക് ശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത താരമായി മാറി. ആധുനിക കാലത്തിലേക്കെത്തിയപ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആ സ്ഥാനം ഏറ്റെടുത്തു.
 

Former Pakistan opener applauds Virat Kohli
Author
Islamabad, First Published Jun 2, 2021, 1:43 PM IST

ഇസ്ലാമാബാദ്: ഇന്ത്യ ക്രിക്കറ്റ് ലോകത്തിന് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരങ്ങളില്‍ വിരാട് കോലിയുടെ പേരുണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല. 1970 മുതല്‍ 80 വരെ സുനില്‍ ഗവാസ്‌കറായിരുന്നു ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍. 1990ള്‍ക്ക് ശേഷം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ത്യയുടെ പകരം വെക്കാനില്ലാത്ത താരമായി മാറി. ആധുനിക കാലത്തിലേക്കെത്തിയപ്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആ സ്ഥാനം ഏറ്റെടുത്തു. ഒന്നര വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയൊന്നും നേടിയിട്ടില്ലെങ്കിലും കോലിയെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട്.

ഏത് ഫോര്‍മാറ്റെടുത്താലും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരമാണ് കോലിയെന്ന് ബട്ട് വ്യക്തമാക്കി. ''ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റിലും മറ്റാരേക്കാളും വിജയത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കെല്‍പ്പുള്ള താരമാണ് കോലി. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. ടീമിന് വിജയം വേണ്ടപ്പോഴെല്ലാം കോലി തകര്‍പ്പന്‍ പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. മത്സരം സ്വന്തം ടീമിന് വേണ്ടി അനുകൂലമാക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന് പ്രത്യേക കഴിവാണ്. ഒരു കാര്യം കൂടി പറയാം, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ചതാരം കോലി തന്നെയാണ്. കോലിക്ക് പകരമാവാന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്നൊരാളില്ല.'' ബട്ട് പറഞ്ഞുനിര്‍ത്തി. 

ടെസ്റ്റില്‍ 52.37 കോലിയുടെ ശരാശരി. ഏകദിനത്തില്‍ 59.07 ഉം ടി20യില്‍ 52.65 ശരാശരിയും കോലിക്കുണ്ട്. മൂന്ന് ഫോര്‍മാറ്റിലും 50ല്‍ കൂടുതല്‍ ശരാശരിയുള്ള ഏക താരമാണ് കോലി. നിലവില്‍ 70 അന്താരാഷ്ട്ര സെഞ്ചുറികള്‍ കോലിയുടെ അക്കൗണ്ടിലുണ്ട്. റിക്കി പോണ്ടിംഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്.

Follow Us:
Download App:
  • android
  • ios