ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്‍ഡോര്‍: ഉജ്ജയിനിലെ മഹാകാലേശ്വർ ജ്യോതിർലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിനൊപ്പം ഇന്‍ഡോറിലെത്തിയ ഗംഭീര്‍ ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടകിനൊപ്പമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ക്ഷേത്രത്തിലെത്തിയ ഗംഭീറും കൊടകും ഭസ്മ ആരതിയിലും പങ്കെടുത്തു.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-1ന് ഒപ്പമെത്തി.ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മത്സരം തോറ്റാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടമാവും. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിനെ ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ നടന്ന ഏകദിന, ടി20 പരമ്പരകള്‍ നേടി ഇന്ത്യ തിരിച്ചുവന്നു. ഇതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയത്.
ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നര്‍ ഉള്‍പ്പെടെ പ്രമുഖതാരങ്ങളങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ശ്രേയസ് അയ്യരുമടക്കം പ്രമുഖരടങ്ങിയ ഇന്ത്യ അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയാകും. ഏകദിന പരമ്പരക്ക് പിന്നാലെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്‍റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്നാണ് കരുതുന്നത്.


