സഞ്ജുവിനെക്കുറിച്ച് ഗംഭീര്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങളെല്ലാം ആരാധകര്‍ ഒന്നിന് പുറകെ ഒന്നായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തുടങ്ങി.

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പൊടിപൊടിക്കുന്നതിനിടെ വൈറലായി ഗംഭീറിന്‍റെ വാക്കുകള്‍. മുമ്പ് സഞ്ജുവിനെക്കുറിച്ച് ഗൗതം ഗംഭീര്‍ നടത്തിയ എക്സ് പോസ്റ്റുകളാണിപ്പോള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ചയാക്കിയത്.

2020 സെപ്റ്റംബര്‍ 22ന് ചെയ്ത് എക്സ് പോസ്റ്റില്‍ സഞ്ജുവിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്, സഞ്ജുവിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാത്രമാണ് സ്ഥാനം കിട്ടാതിരിക്കുന്നതെന്നും മറ്റേത് ടീമായിരുന്നെങ്കിലും സഞ്ജുവിനെ ഇരുകൈയും നീട്ടി ടീമിലെടുത്തേനെയെന്നുമായിരുന്നു ഗംഭീര്‍ അന്ന് പറഞ്ഞത്.

ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയതിന് പിന്നാലെ റിഷഭ് പന്തിനെ കാത്ത് മറ്റൊരു ചുമതല കൂടി

ഇതിനൊപ്പം തന്നെ സഞ്ജുവിനെക്കുറിച്ച് ഗംഭീര്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങളെല്ലാം ആരാധകര്‍ ഒന്നിന് പുറകെ ഒന്നായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തുടങ്ങി. സഞ്ജു ഇന്ത്യക്കായി കളിച്ചില്ലെങ്കില്‍ അത് അവന്‍റെ നഷ്ടമല്ലെന്നും ഇന്ത്യയുടെ നഷ്മാണെന്നും ഗംഭീര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രോഹിത് ശര്‍മയുയും വിരാട് കോലിയും ബാറ്റ് ചെയ്യുന്നതുപോലെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നും അവനെ ഒഴിവാക്കുന്നത് ഭാവിയിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററെ ഒഴിവാക്കുന്നതിന് തുല്യമാണെന്നും മുമ്പ് ഗംഭീര്‍ പറഞ്ഞിട്ടുണ്ട്.

Scroll to load tweet…

സഞ്ജു സാംസണ്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല ഇന്ത്യയിലെ ഏറ്റവും മികച്ച യുവബാറ്ററാണെന്നും ആരെങ്കിലും തര്‍ക്കത്തിനുണ്ടോ എന്നും മുമ്പ് ഗംഭീര്‍ എക്സ് പോസ്റ്റില്‍ വെല്ലുവിളിച്ചിരുന്നു. ഇന്നലെ നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലും സഞ്ജുവിനെ ചാമ്പ്യൻസ് ട്രോഫി ടീമിലെടുക്കണമെന്നായിരുന്നു ഗംഭീര്‍ വാദിച്ചതെങ്കിലും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും റിഷഭ് പന്തിന്‍റെ പേരാണ് മുന്നോട്ടുവെച്ചതെന്നും ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കണമെന്ന ഗംഭീറിന്‍റെ ആവശ്യവും ഇരുവരും തള്ളിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിനെക്കുറിച്ചുള്ള ഗംഭീറിന്‍റെ പഴയ പ്രസ്താവനകളും സമൂഹമാധ്യമങ്ങളില്‍ പറന്നുകളിക്കുന്നത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക