ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം തുടക്കത്തിന് ശേഷവും ഇന്ത്യക്ക് ഫൈനലില്‍ എത്താന്‍ സാധിക്കുമെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീമിന്റെ കഴിയിലും വിജയത്തിനായുള്ള വിശപ്പിലും തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും, നേരിയ സാധ്യതയുള്ളിടത്തോളം കാലം പ്രതീക്ഷ കൈവിടില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.
ന്യൂ ചണ്ഡീഗഡ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും, ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടുമെന്ന ഉറച്ച ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗംഭീര്‍. അഫ്ഗാനെതിരായ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കിരീടം നേടാന്‍ ടീമിന് സാധിക്കുമെന്ന വലിയ വിശ്വാസം ഡ്രെസ്സിങ് റൂമിലുണ്ടെന്ന് ഗംഭീര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ മൂന്ന് പതിപ്പുകള്‍ക്കിടയില്‍ ആദ്യമായി ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത നഷ്ടമായിരുന്നു.
2024ല്‍ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനോട് നേരിട്ട അപ്രതീക്ഷിത വൈറ്റ്വാഷിന് പിന്നാലെ, ഓസ്ട്രേലിയയില്‍ 1-3 ന് പരാജയപ്പെട്ടതാണ് ഇന്ത്യയെ ഫൈനല്‍ റേസില്‍ നിന്ന് പുറത്താക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവരുടെ വിരമിക്കലിന് ശേഷമുള്ള പുതിയ സൈക്കിളില്‍ ഇംഗ്ലണ്ടില്‍ 2-2 ന് സമനില പിടിക്കാന്‍ ഇന്ത്യക്കായെങ്കിലും, തുടര്‍ന്ന് നടന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയോട് 0-2 ന് പരാജയപ്പെട്ടത് തിരിച്ചടിയായി.
ഗംഭീര്‍ പറയുന്നതിങ്ങനെ... ''ഞാന്‍ വലിയ ശുഭപ്രതീക്ഷയിലാണ്. ഫൈനലില്‍ കടക്കാന്‍ നേരിയ സാധ്യതയെങ്കിലും ഉള്ളതുവരെ ഞങ്ങള്‍ പ്രതീക്ഷ കൈവിടില്ല. ടീമിലെ കളിക്കാരുടെ കഴിവ് എന്തെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. നമുക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല. എനിക്ക് മാത്രമല്ല, ഡ്രെസ്സിങ് റൂമിലെ ഓരോരുത്തര്‍ക്കും ആ വിശ്വാസമുണ്ട്. ഒന്നോ രണ്ടോ പരമ്പരകളില്‍ നമുക്ക് പിഴവ് പറ്റിയിട്ടുണ്ടാകാം, എന്നാല്‍ ഈ ടീമിന്റെ പ്രതിഭയും വിജയത്തിനായുള്ള വിശപ്പും ചെറുതല്ല.'' ഗംഭീര്‍ പറഞ്ഞു.
കളിച്ച ഒന്‍പത് ടെസ്റ്റുകളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. വരാനിരിക്കുന്ന മത്സരങ്ങള്‍ ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റുകളും, നവംബറില്‍ ന്യൂസിലന്‍ഡില്‍ രണ്ട് ടെസ്റ്റുകളും ഇന്ത്യ കളിക്കും. അതിനുശേഷം അടുത്ത വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയോടെ ഫൈനല്‍ പോരാട്ടം കൂടുതല്‍ കടുക്കും.
ടീമിന്റെ സ്ഥിരത നിലനിര്‍ത്താന്‍ അഫ്ഗാനെതിരെ ശക്തമായ നിരയെത്തന്നെ അണിനിരത്തുമെന്ന് ഗംഭീര്‍ ഊന്നിപ്പറഞ്ഞു. 'ഒരു ടെസ്റ്റ് മാച്ച് എപ്പോഴും ടെസ്റ്റ് മാച്ച് തന്നെയാണ്. ഇത് ഡബ്ല്യുടിസിയുടെ ഭാഗമല്ലെന്ന് ആളുകള്‍ പറഞ്ഞേക്കാം, പക്ഷേ എന്നെ സംബന്ധിച്ച് ഇത് രാജ്യത്തിനായി ജയിക്കേണ്ട മറ്റൊരു ടെസ്റ്റ് മത്സരമാണ്. ടെസ്റ്റ് മത്സരങ്ങളെ അങ്ങനെ തരംതിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഈ മത്സരത്തിലും ഞങ്ങളുടെ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇറക്കുന്നത്.'' അദ്ദേഹം വ്യക്തമാക്കി.

