ഇംഗ്ലണ്ട് പര്യടനത്തില്‍ കരുണ്‍ നായര്‍ക്ക് കളിക്കാന്‍ അവസരം നല്‍കുമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂചന നല്‍കി. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഏഴ് വര്‍ഷത്തിനിടെ കരുണ്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടത്.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം നല്‍കുമെന്നുള്ള സൂചന നല്‍കി പരിശീലകന്‍ ഗൗതം ഗംഭീര്‍. അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കുമെന്നും ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ അനുഭവവും ഫോമും ടീമിന് വിലപ്പെട്ടതായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമില്‍ നായരെ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് 33 കാരന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടത്. ''കരുണിന്റെ വരവ് ആഭ്യന്തര താരങ്ങള്‍ക്ക് പ്രചോദനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്ന എല്ലാ യുവാക്കള്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലാകും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ വാതിലുകള്‍ ഒരിക്കലും അടയ്ക്കില്ല.'' ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ എ ടീമിനൊപ്പമുള്ള കരുണ്‍ കഴിഞ്ഞ ദിവസം ഇരട്ട സെഞ്ചുറി നേടിയിരുന്നു. അതിനെ കുറിച്ചും ഗംഭീര്‍ സംസാരിച്ചു. ''കൗണ്ടി ക്രിക്കറ്റില്‍ കുറച്ചുകാലം കളിച്ചിട്ടുള്ള കരുണിന്റെ അനുഭവസമ്പത്ത് ടീമിന് ഗുണം ചെയ്യും. അദ്ദേഹം ഇവിടെ റണ്‍സ് നേടുകയും ഇന്ത്യ എയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടുകയും ചെയ്തു. ഇത്തരം പര്യടനങ്ങളില്‍ മികച്ച ഫോമിലുള്ള കളിക്കാര്‍ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. അദ്ദേഹത്തിന്റെ അനുഭവം തീര്‍ച്ചയായും പ്രയോജനപ്പെടും.'' ഗംഭീര്‍ വ്യക്തമാക്കി.

കൂടുതല്‍ മത്സരങ്ങള്‍ കളിപ്പിക്കുമെന്നും ഗംഭീര്‍. ''ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

2023, 2024 സീസണുകളില്‍ നോര്‍ത്താംപ്ടണ്‍ഷെയറിനെ പ്രതിനിധീകരിച്ചിട്ടുള്ള കരുണിന് ഇംഗ്ലീഷ് സാഹചര്യങ്ങള്‍ നന്നായി അറിയാം. 10 മത്സരങ്ങളിലായി, ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 52.57 എന്ന മികച്ച ശരാശരിയില്‍ 736 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇക്കഴിഞ്ഞ രഞ്ജിയിലും കരുണ്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. വിര്‍ദഭയെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കരുണ്‍ 16 ഇന്നിംഗ്സുകളില്‍ നിന്ന് 53.93 ശരാശരിയില്‍ 863 റണ്‍സ് നേടി. അതില്‍ നാല് സെഞ്ച്വറികളും രണ്ട് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ ഓപ്പണറുടെ റോളിലേക്കും നാലാം സ്ഥാനത്തേക്കും ഇന്ത്യയ്ക്ക് പകരക്കാരെ ആവശ്യമായി വരും. ആദ്യ ടെസ്റ്റില്‍ തന്നെ കരുണിന് മധ്യനിര റോളിലേക്ക് അവസരം ലഭിച്ചേക്കാം.

YouTube video player