ശ്രീലങ്കക്കെതിരെ മികച്ച ഫോമിലായിരുന്നെങ്കിലും ഇന്ത്യക്കെതിരെ റണ്‍സ് നേടാന്‍ ജോ റൂട്ട് പാടുപെടുമെന്നും ഗംഭീര്‍ പറഞ്ഞു. ജസ്പ്രീത് ബുമ്രയും രവി അശ്വിനും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് നേടുക റൂട്ടിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്.

ദില്ലി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പരമ്പരയിലെ ഏതെങ്കിലും ഒരു ടെസ്റ്റെങ്കിലും ഇംഗ്ലണ്ട് ജയിക്കാനുള്ള സാധ്യത കുറവാണെന്നു വ്യക്തമാക്കിയ ഗംഭീര്‍ ടെസ്റ്റ് പരമ്പര 3-0നോ, 3-1നോ ഇന്ത്യ നേടുമെന്നും സ്റ്റാര്‍ സ്പോര്‍ട്സ് ചാനലിലെ ടോക് ഷോയില്‍ വ്യക്തമാക്കി.

പിങ്ക് പന്തില്‍ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് 50 ശതമാനം ജയസാധ്യതയുള്ളതെന്നും ഗംഭീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന സ്പിന്നര്‍മാര്‍ ഇംഗ്ലണ്ട് നിരയിലില്ലെന്നും ഗംഭീര്‍ പറഞ്ഞു. മോയിന്‍ അലിയും ജാക് ലീച്ചും ഡോം ബെസും അടങ്ങുന്നതാണ് ഇംഗ്ലണ്ടിന്‍റെ സ്പിന്‍ നിര.

ശ്രീലങ്കക്കെതിരെ മികച്ച ഫോമിലായിരുന്നെങ്കിലും ഇന്ത്യക്കെതിരെ റണ്‍സ് നേടാന്‍ ജോ റൂട്ട് പാടുപെടുമെന്നും ഗംഭീര്‍ പറഞ്ഞു. ജസ്പ്രീത് ബുമ്രയും രവി അശ്വിനും അടങ്ങുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് നേടുക റൂട്ടിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. ഏത് പിച്ചിലും മികവുകാട്ടാന്‍ കഴിവുള്ള ബുമ്രയും ഓസീസ് പര്യടനത്തോടെ ആത്മവിശ്വാസത്തിന്‍റെ നെറുകയില്‍ നില്‍ക്കുന്ന അശ്വിനുമാകും റൂട്ടിന് വലിയ വെല്ലുവിളിയാകുകയെന്നും ഗംഭീര്‍ പറഞ്ഞു.

നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഞ്ചിന് ചെന്നൈയില്‍ തുടക്കമാവും. ചെന്നൈയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റും. ഡേ നൈറ്റ് ടെസ്റ്റ് അടക്കമുള്ള രണ്ട് ടെസ്റ്റുകള്‍ക്ക് അഹമ്മദാബാദ് ആണ് വേദിയാവുക.