ഒരു ഘട്ടത്തില്‍ 28.1 ഓവറില്‍ ഏഴിന് 101 എന്ന നിലയിലായിരുന്നു ബംഗാള്‍.

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കളത്തിന് 207 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗാളിന് വാലറ്റക്കാരന്‍ പ്രദിപ്ത പ്രമാണിക്കാണ് (82 പന്തില്‍ പുറത്താവാതെ 74) പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റുകള്‍ ബംഗാളിന് നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിതീഷ് എം ഡി, രണ്ട് വിക്കറ്റ് വീതം നേടിയ ജലജ് സക്‌സേന, ബേസില്‍ തമ്പി, ആദിത്യ സര്‍വാതെ എന്നിവരാണ് ബംഗാളിനെ നിയന്ത്രിച്ച് നില്‍ത്തിയത്. നേരത്തെ ദില്ലിക്കെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കേരളം ഇറങ്ങിയത്. 

ഒരു ഘട്ടത്തില്‍ 28.1 ഓവറില്‍ ഏഴിന് 101 എന്ന നിലയിലായിരുന്നു ബംഗാള്‍. ക്യാപ്റ്റന്‍ സുദീപ് കുമാര്‍ ഗരാമിയുടെ (4) വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ ബംഗാളിന് നഷ്ടമായത്. ഏറെ അപകടകാരിയ അഭിഷേക് പോറല്‍ (8) അഞ്ചാം ഓവറിലും മടങ്ങി. രണ്ട് വിക്കറ്റുകളും നിധിഷീനായിരുന്നു. പിന്നാലെ സുദീപ് ചാറ്റര്‍ജി (13), അനുസ്തൂപ് മജുംദാര്‍ (9) എന്നിവരും മടങ്ങിയതോടെ നാലിന് 46 എന്ന നിലയിലായി ബംഗാള്‍. തുടര്‍ന്ന് കനിഷ് സേത് (32) - സുമാന്ദ ഗുപ്ത (24) എന്നിവര്‍ 42 റണ്‍സ് കൂട്ടിചേര്‍ത്തു. 25-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കനിഷ്‌കിനെ സര്‍വാതെ പുറത്താക്കി. പിന്നീടെത്തിയ കരണ്‍ ലാലിന് (1) തിളങ്ങാനായില്ല. സുമാന്ദയും മടങ്ങി. 

പിന്നീടാണ് ബംഗാളിനെ രക്ഷിച്ച കൂട്ടുകെട്ട് വരുന്നത്. പ്രദിപ്ത - കൗഷിക് മെയ്ടി (27) സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു. 15 ഓവറുകളോളം ഇരുവരും ബാറ്റ് ചെയ്തു. 44-ാ ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞെങ്കിലും പ്രദിപ്ത ബംഗാളിനെ 200 കടത്തി. 82 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സ് മൂന്ന് ഫോറും. മുകേഷ് കുമാറാണ് (0) പുറത്തായ മറ്റൊരു താരം. സയന്‍ ഘോഷ് (3) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 34 റണ്‍സെടുത്തിട്ടുണ്ട്. രോഹന്‍ കുന്നുമ്മല്‍ - അഹമ്മദ് ഇമ്രാന്‍ സഖ്യമാണ് ക്രീസില്‍.