ഡിവില്ലിയേഴ്‌സ് തിരിച്ചുവരുന്നതിനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും സംസാരിച്ചിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയാണ് ബൗച്ചറും പറഞ്ഞിരുന്നത്. 

കേപ്ടൗണ്‍: എ ബി ഡിവില്ലിയേഴ്‌സ് അടുത്തമാസത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയേക്കും. ക്രിക്കറ്റ് സൗത്താഫ്രിക്ക ഡയറക്ടര്‍ ഗ്രെയിം സ്മിത്താണ് വിന്‍ഡീസ് പര്യടനത്തോടെ ഈ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തുമെന്ന് സൂചന നല്‍കിയത്. ഡിവില്ലിയേഴ്‌സിനൊപ്പം ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും സ്പിന്നര്‍ ഇമ്രാന്‍ താഹിറും ടീമില്‍ തിരിച്ചെത്തിയേക്കും.

നേരത്തെ, ഡിവില്ലിയേഴ്‌സ് തിരിച്ചുവരുന്നതിനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറും സംസാരിച്ചിരുന്നു. അദ്ദേഹം തിരിച്ചുവരുമെന്ന് തന്നെയാണ് ബൗച്ചറും പറഞ്ഞിരുന്നത്. എന്തായാലും ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വകയാണ് സ്മിത്ത് പുറത്തുവിട്ടിരിക്കുന്നത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ്് ബാംഗ്ലൂരിനായി മികച്ച പ്രകടനമാണ് ഡിവില്ലിയേഴ്്‌സ് പുറത്തെടുത്തത്.

ഏഴ് മത്സരങ്ങളില്‍ നിന്നും 51.75 ശരാശരിയില്‍ 207 റണ്‍സ് ഡിവില്ലിയേഴ്‌സ് നേടിയിരുന്നു. 2018 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഡിവില്ലിയേഴ്‌സ് വിരമിച്ചത്. സൗത്താഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 50.66 ശരാശരിയില്‍ 8765 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സ് 228 ഏകദിന മത്സരങ്ങളില്‍ നിന്നും 53.5 ശരാശരിയില്‍ 9577 റണ്‍സ് നേടിയിട്ടുണ്ട്. 75 ടി20 മത്സരങ്ങള്‍ സൗത്താഫ്രിക്കയ്ക്കായി കളിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് 1672 റണ്‍സ് നേടി.

ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഡിവില്ലിയേഴ്സ് അടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവ് മോശം ഫോമിലുള്ള സൗത്താഫ്രിക്കയ്ക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.