കഴിഞ്ഞ സീസണിലാണ് സ്റ്റോക്‌സ് ചെന്നൈയുടെ ഭാഗമായത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം മാറ്റിവച്ച് തിരിച്ചെത്തിയിരുന്നു.

ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഐപിഎല്ലില്‍ നിന്ന് പിന്മാറി. ജോലിഭാരം കുറയ്ക്കാനും പൂര്‍ണ കായികക്ഷമത നിലനിര്‍ത്തുന്നതിന്റെയും ഭാഗമായിട്ടാണ് സ്റ്റോക്‌സിന്റെ പിന്മാറ്റം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. ഐപിഎല്ലിന് മുമ്പ് അഞ്ച് ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ സ്‌റ്റോക്‌സിന് കളിക്കേണ്ടതുണ്ട്. മാത്രമല്ല, പിന്നീട് നടക്കുന്ന ടി20 ലോകകപ്പിലും സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായേക്കും. കഴിഞ്ഞ സീസണിലാണ് സ്റ്റോക്‌സ് ചെന്നൈയുടെ ഭാഗമായത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം മാറ്റിവച്ച് തിരിച്ചെത്തിയിരുന്നു.

അതേസമയം, ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി മാനീഷ് പാണ്ഡെയേയും, സര്‍ഫ്രാസ് ഖാനെയും ഡല്‍ഹി കാപിറ്റല്‍സ് റിലീസ് ചെയ്തിരുന്നു. ഇരുതാരങ്ങള്‍ക്കും കഴിഞ്ഞ സീസണില്‍ ടീമിനായി തിളങ്ങാനായിരുന്നില്ല. മനീഷ് പാണ്ഡെ 10 കളിയില്‍ നിന്ന് നേടിയത് വെറും 160 റണ്‍സായിരുന്നു. നാല് കളികളില്‍ നിന്ന് സര്‍ഫ്രാസിന്റെ സന്പാദ്യം 53 റണ്‍സും. ഡിസംബറിലാണ് 2024 ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സും ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ട്രേഡിംഗിലൂടെ ഇന്ത്യന്‍ താരം ആവേശ് ഖാനെ ടീമിലെത്തിച്ചു. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സില്‍ നിന്നാണ് ആവേഷ്േ എത്തിയത്. പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ വിട്ടുകൊടുക്കുകയായിരുന്നു.

സീസണിലെ 11 കളിയില്‍ 261 റണ്‍സാണ് ദേവ്ദത്ത് നേടിയിരുന്നത്. രാജസ്ഥാനില്‍ ജോസ് ബട്‌ലര്‍, യശസ്വി ജെയ്സ്വാള്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ ഉള്ളതിനാല്‍ മുന്‍നിരയില്‍ സ്ഥാനം ലഭിക്കില്ലെന്ന വിലയിരുത്തലുണ്ട്. ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി. ടീമിന്റെ മെന്ററായിട്ടാണ് അദ്ദേഹം സ്ഥാനം ഏറ്റെടുടുക്കുക. രണ്ടുവര്‍ഷമാണ് ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ മെന്ററായി ഉണ്ടായിരുന്നത്. 2022ല്‍ ടീമിനെ ഫൈനലിലും 2023ല്‍ മൂന്നാം സ്ഥാനത്തും എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ടീമുമായി പിരിയുന്ന കാര്യം അറിയിച്ച് എക്സില്‍ വൈകാരിക കുറിപ്പും ഗംഭീര്‍ പങ്കുവെച്ചു. 

തനിക്ക് നല്‍കിയ സ്നേഹത്തിന് താരങ്ങള്‍ക്കും പരിശീലകനും മറ്റു സ്റ്റാഫിനുമെല്ലാം അദ്ദേഹം നന്ദി പറയുന്നുണ്ട്. ഞാന്‍ തുടങ്ങിയിടത്തേക്കുള്ള മടക്കമാണിതെന്ന് ഗംഭീര്‍ മറ്റൊരു പോസ്റ്റില്‍ കുറിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രണ്ടുതവണ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിക്കാന്‍ ഗംഭീറിനായിരുന്നു. മുന്‍ താരം ടീമിനൊപ്പം ചേരുന്ന വിവരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സിഇഒ വെങ്കി മൈസൂര്‍ സ്ഥിരീകരിച്ചു. തീരുമാനത്തെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാനും സ്വാഗതം ചെയ്തു. തങ്ങളുടെ ക്യാപ്റ്റന്റെ തിരിച്ചുവരവാണിതെന്നായിരുന്നു ഷാറൂഖ് പറഞ്ഞത്.

സഞ്ജു തിരിച്ചുവരും! ടീമില്‍ നിന്ന് ഒഴിവാക്കപ്പെടാനുണ്ടായ കാരണം വ്യക്തം; വിശദീകരിച്ച് അജിത് അഗാര്‍ക്കര്‍