531 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ, ജസ്റ്റിന്‍ ഗ്രീവ്‌സിന്റെ ഇരട്ട സെഞ്ചുറിയും (202*) കെമര്‍ റോച്ചിന്റെ അര്‍ധസെഞ്ചുറിയും (58*) ചേര്‍ന്നുള്ള ചരിത്രപരമായ ചെറുത്തുനില്‍പ്പാണ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

ക്രൈസ്റ്റ്ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ സമനിലയില്‍ പിടിച്ചുകെട്ടി വെസ്റ്റ് ഇന്‍ഡീസ്. ന്യൂസിലന്‍ഡ് 531 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ തോല്‍വി വഴങ്ങാതെ ഫലപ്രദമായി പിടിച്ചുനില്‍ക്കാന്‍ വിന്‍ഡീസിന് സാധിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 457 റണ്‍സ് നേടി. ജസ്റ്റിന്‍ ഗ്രീവ്‌സ് (388 പന്തില്‍ 202), കെമര്‍ റോച്ച് (233 പന്തില്‍ 58) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് സമനില സമ്മാനിച്ചത്. നേരത്തെ, ഷായ് ഹോപ്പ് 140 റണ്‍സ് നേടിയിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 231, 468 & വെസ്റ്റ് ഇന്‍ഡീസ് 167, 457.

രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ നാലിന് 72 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. ജോണ്‍ ക്യാംപെല്‍ (15), ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (6), അലിക് അതനാസെ (5), റോസ്റ്റ്ണ്‍ ചേസ് (4) എന്നിവരെല്ലാം പവലിയനില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്നായിരുന്നു വിന്‍ഡീസിന്റെ ചെറുത്തുനില്‍പ്പ്. ഗ്രീവ്‌സ് - ഹോപ്പ് സഖ്യം 196 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ ഹോപ്പ് സെഞ്ചുറിയും പൂര്‍ത്തിയാക്കയിരുന്നു. ഇരുവരും ക്രീസിലുള്ളപ്പോള്‍ വിന്‍ഡീസ് ജയിക്കുമെന്ന് വരെ തോന്നിച്ചു. എന്നാല്‍ ഹോപ്പിനെ പുറത്താക്കി ജേക്കബ് ഡഫി വിന്‍ഡീസിന് ബ്രേക്ക് ത്രു നല്‍കി. രണ്ട് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്.

തുടര്‍ന്നെത്തിയ തെവിന്‍ ഇംലാച്ച് (4) വന്നത് പോലെ മടങ്ങി. ഇതോടെ വിന്‍ഡീസ് 277 എന്ന നിലയിലായി. ന്യൂസിലന്‍ഡ് അനായാസം ജയിക്കുമെന്ന് തോന്നിക്കെയാണ് ഗ്രീവ്‌സിനൊപ്പം, റോച്ച് ചേരുന്നത്. തുടര്‍ന്ന് നടന്നത് ചരിത്രം. ഇവര്‍ ക്രീസിലുണ്ടായിരുന്നുപ്പോള്‍ 409 പന്തുകളാണ് നേരിട്ടത്. 19 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഗ്രീവ്‌സിന്റെ ഇന്നിംഗ്‌സ്. റോച്ച് എട്ട് ബൗണ്ടറികള്‍ നേടി. 37കാരനായ റോച്ചിന് ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടാനും സാധിച്ചിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ രചിന്‍ രവീന്ദ്ര (176), ടോം ലാഥം (145) എന്നിവരുടെ കരുത്തിലാണ് കിവീസ് 466 റണ്‍സ് നേടിയത്. മറ്റാര്‍ക്കും അര്‍ധ സെഞ്ചുറി പോലും നേടാന്‍ സാധിച്ചിരുന്നില്ല. ഒന്നാം ഇന്നിംഗ്‌സില്‍ ആവട്ടെ ന്യൂസിലന്‍ഡിന്റെ 231 റണ്‍സിന് മുന്നില്‍ വിന്‍ഡീസ് 167ന് എല്ലാവരും പുറത്താവുകയ്യിരുന്നു.

YouTube video player