23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഗുജറാത്ത് 16 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. കേരളത്തിന്റെ 270 റൺസിനെതിരെ 286 റൺസാണ് ഗുജറാത്ത് നേടിയത്. 

സൂറത്ത് : 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ കേരളത്തിനെതിരെ ഗുജറാത്തിന് 16 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 270നെതിരെ ഗുജറാത്ത് ആദ്യ ഇന്നിങ്‌സ് 286 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 64 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റിന് 134 റണ്‍സെന്ന നിലയില്‍ മൂന്നാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന് കൃഷ് അമിത് ഗുപ്തയുടെയും രുദ്ര പ്രിതേഷ് പട്ടേലിന്റെയും ഇന്നിങ്‌സുകളാണ് കരുത്ത് പകര്‍ന്നത്.

ഇരുവരും ചേര്‍ന്നുള്ള 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ക്ക് ലീഡിലേക്ക് വഴിയൊരുക്കിയത്. 75 റണ്‍സെടുത്ത കൃഷ് അമിത് ഗുപ്തയെ വിജയ് വിശ്വനാഥാണ് പുറത്താക്കിയത്. 28 റണ്‍സെടുക്കുന്നതിനിടെ ഒരു വിക്കറ്റ് കൂടി നഷ്ടമായതോടെ ഏഴ് വിക്കറ്റിന് 228 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാല്‍ രുദ്ര പ്രിതേഷ് പട്ടേലും ഷെന്‍ പട്ടേലും ചേര്‍ന്ന് ഗുജറാത്ത് ഇന്നിങ്‌സിനെ ലീഡിലേക്ക് നയിച്ചു. രുദ്ര പ്രിതേഷ് 56ഉം ഷെന്‍ പട്ടേല്‍ 30ഉം റണ്‍സെടുത്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണ്‍ മൂന്നും പവന്‍ രാജ്, വിജയ് വിശ്വനാഥ്, കൈലാസ് ബി നായര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രണ്ട് റണ്‍സെടുത്ത ഒമര്‍ അബൂബക്കറിന്റെ വിക്കറ്റ് നഷ്ടമായി. വരുണ്‍ നായനാര്‍ 21 റണ്‍സും രോഹന്‍ നായര്‍ 11 റണ്‍സും നേടി മടങ്ങി. കളി നിര്‍ത്തുമ്പോള്‍ 25 റണ്‍സോടെ എ കെ ആകര്‍ഷും മൂന്ന് റണ്‍സോടെ കാമില്‍ അബൂബക്കറുമാണ് ക്രീസില്‍.

YouTube video player