ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാറിന് ഔദ്യോഗിക താക്കീതും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തിനിടെ സ്‌ട്രൈക്കര്‍ക്ക് നേരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് നടപടി.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാറിന് ഔദ്യോഗിക താക്കീത്. മത്സരത്തിനിടെ അനുചിതവും അപകടകരവുമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് ബ്രാറിനെതിരെ നടപടി. ഐസിസി കോഡ് ഓഫ് കണ്ടക്ട് ആര്‍ട്ടിക്കിള്‍ 2.9 പ്രകാരം ലെവല്‍ 1 കുറ്റമാണ് താരത്തിനെതിരെ ചുമത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. ഫീല്‍ഡിംഗിനിടെ പന്ത് കൈക്കലാക്കിയ ബ്രാാര്‍, സ്‌ട്രൈക്കര്‍ക്ക് നേരെ അനാവശ്യവും അപകടകരവുമായ രീതിയില്‍ പന്തെറിയുകയായിരുന്നു.

സംഭവത്തില്‍ ബ്രാറിന് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. കഴിഞ്ഞ 24 മാസത്തിനിടെ ബ്രാറിന്റെ അച്ചടക്ക രേഖയില്‍ വരുന്ന ആദ്യത്തെ ശിക്ഷാ നടപടിയാണിത്. മത്സര റഫറി റിച്ചി റിച്ചാര്‍ഡ്സണ്‍ നിര്‍ദ്ദേശിച്ച ശിക്ഷ ബ്രാാര്‍ അംഗീകരിച്ചു. താരം കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗിക വിചാരണ കൂടാതെ തന്നെ വിഷയം പരിഹരിച്ചു. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ കുമാര്‍ ധര്‍മസേന, മൈക്ക് ബേണ്‍സ് എന്നിവരാണ് ബ്രാറിനെതിരെ പരാതി ഉന്നയിച്ചത്. തേര്‍ഡ് അമ്പയര്‍ സാം നോഗാജ്സ്‌കി, ഫോര്‍ത്ത് അമ്പയര്‍ റസ്സല്‍ വാറന്‍ എന്നിവരും നടപടിക്ക് പിന്തുണ നല്‍കി.

മത്സരത്തിലെ പ്രകടനം

അച്ചടക്ക നടപടി നേരിട്ടെങ്കിലും ബൗളിംഗില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ബ്രാാര്‍ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. മത്സരത്തിനിടെ ബെന്‍ ഡക്കറ്റിനെതിരെ താരം പന്തെറിഞ്ഞതിന് പിന്നാലെ, അതേ ഓവറില്‍ തന്നെ ഡക്കറ്റ് ബ്രാറിനെ സിക്‌സറിന് പറത്തിയിരുന്നു. എന്നാല്‍ പിന്നീട് 13-ാം ഓവറില്‍ ഡക്കറ്റിനെ പുറത്താക്കി ബ്രാാര്‍ മറുപടി നല്‍കി.

YouTube video player